- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കമൽഹാസനെ പോലെ, നിഷ്കളങ്കൻ, എന്നാൽ നല്ലൊരു കള്ളനും'; യുവതാരം നസ്‌ലെനെ പ്രശംസിച്ച് പ്രിയദർശൻ
കൊച്ചി: യുവനടൻ നസ്‌ലെനെ കമൽഹാസനോട് ഉപമിച്ച് സംവിധായകൻ പ്രിയദർശൻ. കമൽഹാസനെപ്പോലെ ഒരേസമയം നിഷ്കളങ്കതയും ഒരു കള്ളലക്ഷണവുമുള്ള നടനാണ് നസ്‌ലെൻ എന്ന് 'ലോക ചാപ്റ്റർ 1: ചന്ദ്ര' എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെ അദ്ദേഹം പറഞ്ഞു.
'വിഷ്ണുവിജയം’ എന്ന സിനിമ കാണുമ്പോൾ കമൽഹാസന്റെ അഭിനയത്തിൽ ഒരേസമയം നിഷ്കളങ്കതയും എന്നാൽ നല്ലൊരു കള്ളനുമാണെന്ന് തിരിച്ചറിയാൻ സാധിക്കുമായിരുന്നു. അതേ സവിശേഷതയുമായി രണ്ടാമത് വന്നിരിക്കുന്ന നടനാണ് നസ്‌ലെൻ. നിലവിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാളാണ് അദ്ദേഹം,' പ്രിയദർശൻ വ്യക്തമാക്കി.
അരുൺ ഡൊമിനിക് രചനയും സംവിധാനവും നിർവഹിക്കുന്ന 'ലോക ചാപ്റ്റർ 1: ചന്ദ്ര' ഒരു സൂപ്പർഹീറോ ഫാൻ്റസി ചിത്രമാണ്. കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 28-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ‘ലോക’ എന്ന പേരിൽ ഒരുങ്ങുന്ന സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയ്‌ലറിന് ലഭിക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം കേരളത്തിൽ വേഫെറർ ഫിലിംസാണ് വിതരണം ചെയ്യുന്നത്. തമിഴ്നാട്ടിൽ എജിഎസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ്, തെലുങ്കിൽ സിതാര എൻ്റർടെയ്ൻമെൻ്റ്സ്, ഉത്തരേന്ത്യയിൽ പെൻ മരുധാർ എന്നിവർ ചിത്രം വിതരണത്തിനെത്തിക്കും.
ചിത്രത്തിൽ 'ചന്ദ്ര' എന്ന സൂപ്പർഹീറോയായി കല്യാണി എത്തുമ്പോൾ 'സണ്ണി' എന്ന കഥാപാത്രത്തെയാണ് നസ്‌ലെൻ അവതരിപ്പിക്കുന്നത്. തമിഴ് താരം സാൻഡി ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡയായും ചന്ദു വേണുവായും അരുൺ കുര്യൻ നൈജിലായും വേഷമിടുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും പ്രധാന താരനിരയിലുണ്ട്.