- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു തരം വിരസതയും ഈഗോയും ഞങ്ങൾക്കിടയിൽ വന്നു, പിരിയുന്നതാണ് നല്ലതെന്ന് തോന്നി'; കുറച്ചുവർഷങ്ങൾ കഴിഞ്ഞപ്പോൾ മിസ്സ് ചെയ്തു; അന്ന് പിരിഞ്ഞതിന്റെ കാരണം തുറന്ന് പറഞ്ഞ് പ്രിയദർശൻ

കൊച്ചി: മലയാള സിനിമാ ലോകം ഒന്നടങ്കം ആഘോഷിച്ച ദമ്പതിമാരായിരുന്നു പ്രിയദർശനും ലിസിയും. നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് തങ്ങൾക്കിടയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പ്രിയദർശൻ മനസ്സുതുറന്നത്.
32 വർഷം നീണ്ടുനിന്ന ദാമ്പത്യത്തിനൊടുവിലുണ്ടായ വിള്ളലിനെക്കുറിച്ച് പ്രിയദർശൻ പറയുന്നത് ഇങ്ങനെ: "മുപ്പത്തിരണ്ട് വർഷത്തെ ദാമ്പത്യത്തിനിടയിൽ ഒരുതരം വിരസതയും ഈഗോയും ഞങ്ങൾക്കിടയിൽ വന്നു. അതുകുറച്ചു കടുപ്പമുള്ള കാര്യമായിരുന്നു. അതുകൊണ്ട് പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങൾ തീരുമാനിച്ചു." 2016-ലായിരുന്നു ഇരുവരും നിയമപരമായി വേർപിരിഞ്ഞത്.
വർഷങ്ങൾക്കിപ്പുറം വീണ്ടും ഒന്നിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. "കുറച്ചുവർഷങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് പരസ്പരം മിസ്സ് ചെയ്യുന്നതായി തോന്നി. അതുകൊണ്ട് ഞങ്ങൾ വീണ്ടും ഒന്നിച്ചു, അത്രേയുള്ളൂ. ജീവിതത്തിൽ നമുക്കൊരു കൂട്ട് എപ്പോഴും അത്യാവശ്യമാണ്," പ്രിയദർശൻ വ്യക്തമാക്കി. ഈ വർഷം ആദ്യം നടന്ന ഒരു വിവാഹചടങ്ങിൽ ഇരുവരും കൈപിടിച്ച് എത്തിയതോടെയാണ് ദമ്പതികൾ വീണ്ടും ഒന്നിച്ചെന്ന വാർത്ത പുറംലോകം അറിഞ്ഞത്.
വ്യക്തിജീവിതത്തിലെന്ന പോലെ കരിയറിലും വലിയ നേട്ടങ്ങളുടെ നെറുകയിലാണ് സംവിധായകൻ. അക്ഷയ് കുമാർ നായകനാകുന്ന 'ഭൂത് ബംഗ്ല' എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ അദ്ദേഹം. തബു, വാമിഖ ഗബ്ബി എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇതിനുപിന്നാലെ തന്റെ നൂറാം ചിത്രം മോഹൻലാലിനെ നായകനാക്കി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയദർശൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.


