മുംബൈ: ബ്ലോക്ക്ബസ്റ്റർ ചിത്രം കൽക്കി 2898 എഡിയുടെ രണ്ടാം ഭാ​ഗത്തിൽ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര നായികയാകാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ആദ്യ ഭാ​ഗത്തിൽ നായിക കഥാപാത്രമായെത്തിയ ദീപിക പദുക്കോൺ നിർമ്മാതാക്കളുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ചിത്രത്തിൽ നിന്ന് പിന്മാറിയതോടെയാണ് പ്രിയങ്കയുടെ പേര് സജീവമായി ഉയർന്നുവന്നത്.

കൽക്കിയിലെ സുമതി എന്ന പ്രധാനപ്പെട്ട വേഷത്തിൽ നിന്ന് ദീപിക പിന്മാറിയത് സിനിമാ ലോകത്ത് വലിയ വാർത്തയായിരുന്നു. ദീപികയുടെ പിന്മാറ്റത്തിന് പിന്നാലെ ആര് ആ സ്ഥാനത്തേക്ക് വരുമെന്ന ചർച്ചകൾ ആരാധകർക്കിടയിലും സിനിമാ ലോകത്തും സജീവമായിരുന്നു. ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവരുടെ പേരുകളാണ് ഉയർന്നുവന്നിരുന്നതെങ്കിലും, പ്രിയങ്കയ്ക്ക് തന്നെയാണ് മുൻ​ഗണനയെന്ന് സിനിമാ പ്രേക്ഷകരും ആരാധകരും ഉറപ്പിക്കുകയാണ്. അണിയറപ്രവർത്തകർ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, കൽക്കി 2വിന്റെ ചിത്രീകരണം ഈ വർഷം ആരംഭിക്കാനിരുന്നത് അടുത്ത വർഷത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. പ്രഭാസിന്റെ തിരക്കുകൾ കാരണമാണ് ഷൂട്ടിങ് നീണ്ടുപോകുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രഭാസ് 'ഫൗജി', 'സ്പിരിറ്റ്' എന്നീ ചിത്രങ്ങളുടെ തിരക്കുകളിലായതിനാൽ ആദ്യ ഷെഡ്യൂളിൽ ലഭ്യമാകില്ല. മറ്റ് അഭിനേതാക്കളെ വെച്ച് ഷൂട്ടിങ് ആരംഭിക്കാൻ സാധ്യതയുണ്ടെന്നും അമിതാഭ് ബച്ചന്റെയും കമൽ ഹാസന്റെയും രം​ഗങ്ങൾ ആദ്യം ചിത്രീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 2027-ൽ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് സൂചന.

നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത 'കൽക്കി 2898 എഡി' കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. പ്രഭാസ് നായകനായെത്തിയ ചിത്രത്തിൽ അമിതാഭ് ബച്ചൻ, കമൽ ഹാസൻ തുടങ്ങിയ വൻ താരനിര അണിനിരന്നിരുന്നു. 650 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം 1000 കോടിയിലേറെ രൂപ ബോക്സോഫീസിൽ നിന്ന് കളക്ട് ചെയ്തിരുന്നു. 'മഹാനടി'ക്ക് ശേഷം നാ​ഗ് അശ്വിൻ ഒരുക്കിയ ചിത്രമാണിത്.എസ് എസ് രാജമൗലി ചിത്രം 'വാരാണസി'യുടെ ഷൂട്ടിങ് പൂർത്തിയായാൽ മാത്രമേ പ്രിയങ്കയ്ക്ക് കൽക്കി 2വിന്റെ ഭാ​ഗമാകാൻ കഴിയുകയുള്ളൂ എന്ന് റിപ്പോർട്ടുകളുണ്ട്.