കൊച്ചി: രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത 'സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' എന്ന സിനിമയിലെ ചില രംഗങ്ങൾ കുഞ്ചാക്കോ ബോബന്റെ തിരക്കുകാരണം താനാണ് ചെയ്തതെന്ന മിമിക്രി ആർട്ടിസ്റ് സുനിൽ രാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, ഈ വിഷയത്തിൽ നിർമ്മാതാവ് അജിത് തലപ്പിള്ളി രംഗത്തെത്തിയിരിക്കുകയാണ്. സുനിൽ രാജിൻ്റെ ആദ്യ പോസ്റ്റ് വാസ്തവവിരുദ്ധമാണെന്നും അത് തിരുത്തപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'സുനിൽ രാജ് ഞങ്ങളുടെ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നുള്ളത് ശരിയാണ്. എന്നാൽ അത് കുഞ്ചാക്കോ ബോബന് പകരമായിട്ടല്ല. എല്ലാ സിനിമകളിലും പ്രധാന താരങ്ങൾക്ക് ഡ്യൂപ്പിനെ ഉപയോഗിക്കുന്നതുപോലെ, ചാക്കോച്ചൻ്റെ ഡ്യൂപ്പ് മാത്രമായിട്ടാണ് ഇദ്ദേഹം പ്രവർത്തിച്ചത്. കുഞ്ചാക്കോ ബോബൻ ഞങ്ങൾക്ക് നൽകിയ ഏഴു ദിവസത്തെ ഡേറ്റുകളിലും അദ്ദേഹം കൃത്യമായി എത്തി അഭിനയിച്ചിരുന്നു. പ്രധാന സീനുകളെല്ലാം ചാക്കോച്ചൻ തന്നെയാണ് ചെയ്തത്. സുനിൽ രാജ് പ്രവർത്തിച്ചത്, ചാക്കോച്ചൻ അവിടെ ഇരിക്കുന്നതുപോലെ തോന്നിക്കുന്ന 'സജഷൻ സീനുകളിൽ' മാത്രമാണ്. അദ്ദേഹത്തിന് അതിനുള്ള വേതനവും നൽകിയിട്ടുണ്ട്. ചാക്കോച്ചനായി താൻ അഭിനയിച്ചു എന്ന് ഒരാൾ പുറത്തുപറയുന്നത് അദ്ദേഹത്തെ കളിയാക്കുന്നതിന് തുല്യമാണ്. സാമ്പത്തികമായി ഞങ്ങളെ സഹായിച്ച ഒരു നടനോട് ചെയ്യുന്ന അനീതിയാകും ഇത്,' നിർമ്മാതാവ് അജിത് തലപ്പിള്ളി പറഞ്ഞു.

കുഞ്ചാക്കോ ബോബൻ്റെ ശബ്ദവും രൂപവുമായി അവിശ്വസനീയമായ സാമ്യം പുലർത്തുന്ന വ്യക്തിയാണ് സുനിൽ രാജ് എടപ്പാൾ. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും 'ജൂനിയർ കുഞ്ചാക്കോ ബോബൻ' എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. താൻ എന്തിനാണ് ചാക്കോച്ചനെ അനുകരിക്കുന്നത് എന്ന് പലരും ചോദിച്ചു തുടങ്ങിയപ്പോഴാണ്, തനിക്ക് നടൻ ചെയ്തു തന്ന വലിയ ഉപകാരം വെളിപ്പെടുത്തേണ്ടി വന്നതെന്നാണ് സുനിൽ രാജ് തൻ്റെ സോഷ്യൽ മീഡിയ കുറിപ്പിൽ ആദ്യം സൂചിപ്പിച്ചത്.

"പുറത്തു വിടാൻ പാടില്ലായിരുന്നു, പക്ഷെ വേറെ നിവൃത്തി ഇല്ലാത്തോണ്ടാ. പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്, 'നീ അയാളെ അവതരിപ്പിച്ചു എന്ത് നേടി?' എന്ന്. ഒരു സിനിമയിൽ അദ്ദേഹത്തിൻ്റെ തിരക്കുമൂലം കുറച്ചു ഭാഗങ്ങൾ ചെയ്യാൻ സാധിച്ചു. അതും അദ്ദേഹം തന്നെയാണ് ആ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തത്," എന്നായിരുന്നു സുനിൽ രാജിൻ്റെ ആദ്യത്തെ പോസ്റ്റ്. സിനിമയുടെ ലൊക്കേഷനിൽ കുഞ്ചാക്കോ ബോബൻ്റെ അതേ ഗെറ്റപ്പിൽ നിൽക്കുന്ന ചിത്രങ്ങളും അദ്ദേഹം ഇതിനോടൊപ്പം പങ്കുവെച്ചിരുന്നു. നടൻ തിരക്കിലായിരുന്ന സമയത്ത് താൻ ചിത്രത്തിലെ അതിഥി കഥാപാത്രത്തിനായി പ്രവർത്തിച്ചു എന്ന സുനിൽ രാജിന്റെ വാക്കുകൾ സിനിമ വ്യവസായത്തിൽ ഏറെ പ്രധാന്യം അർഹിക്കുന്നതായിരുന്നു.

സുനിൽ രാജിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഓൺ‌ലൈൻ മാധ്യമങ്ങൾ സംഭവം വളച്ചൊടിക്കുകയും, 'കുഞ്ചാക്കോ ബോബൻ അഭിനയിക്കേണ്ട സീനുകൾ മുഴുവൻ ഡ്യൂപ്പ് ചെയ്തു', 'നടൻ ചിത്രത്തിൽ അഭിനയിച്ചിട്ടില്ല' എന്ന തരത്തിലുള്ള തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ താരത്തിൻ്റെ ആരാധകർക്കിടയിലും സിനിമാ പ്രേമികൾക്കിടയിലും വലിയ ആശയക്കുഴപ്പമാണ് ഉടലെടുത്തത്. ഒരു മുൻനിര നടൻ പ്രധാന സീനുകളിൽ നിന്ന് വിട്ടുനിന്നു എന്ന രീതിയിലുള്ള വാർത്തകൾ കുഞ്ചാക്കോ ബോബൻ്റെ താരമൂല്യത്തിന് പോലും കോട്ടം വരുത്തുന്നതായിരുന്നു.

തൻ്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതോടെ സുനിൽ രാജ് എടപ്പാൾ വീണ്ടും സോഷ്യൽ മീഡിയയിൽ വിശദീകരണവുമായി രംഗത്തെത്തി. താൻ പറഞ്ഞ കാര്യങ്ങൾ ആരും വളച്ചൊടിച്ച് ചാക്കോച്ചനെ വിഷമിപ്പിക്കുന്ന രീതിയിലേക്ക് എത്തിക്കരുത് എന്ന് അദ്ദേഹം അപേക്ഷിച്ചു. "ചാക്കോച്ചൻ എനിക്ക് ഉപകാരം അല്ലാതെ ഒരു ഉപദ്രവവും ചെയ്തിട്ടില്ല, ചെയ്യുകയുമില്ല. അദ്ദേഹം ഒരു മനുഷ്യനോടും ദ്രോഹം ചെയ്യാത്ത ആളാണ്. തിരക്കുകൾ കാരണം അദ്ദേഹം അഭിനയിക്കേണ്ട ചില ഭാഗങ്ങൾ, അതായത് 'സജഷൻ ഷോട്ട്', 'പാച്ച് ഷോട്ട്', 'ചീറ്റിങ് ഷോട്ട്' എന്നൊക്കെ പറയുന്ന പോലെയുള്ള കുറച്ച് സീക്വൻസുകൾ മാത്രമാണ് എനിക്ക് ചെയ്യാൻ സാധിച്ചത്. സിനിമയിലേക്ക് എന്നെ നിർദ്ദേശിച്ചത് പോലും അദ്ദേഹം തന്നെയാണ്. എന്നെ സംബന്ധിച്ച് അത് വലിയൊരു കാര്യമാണ്," സുനിൽ രാജ് വ്യക്തമാക്കി.