കൊച്ചി: മോഹൻലാലിനെ നായകനാക്കി ഭദ്രൻ ഒരുക്കാനിരുന്ന ബ്രഹ്മാണ്ഡ ചിത്രം മുടങ്ങാൻ കാരണം വലിയ ബജറ്റാണെന്ന് നിർമ്മാതാവ് വേണു കുന്നപ്പിള്ളി. 2018 മുതൽ ചർച്ചകളിലുണ്ടായിരുന്ന ഈ പ്രോജക്റ്റ് തന്റെ മുന്നിലെത്തിയ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. ചിത്രത്തിന്റെ കഥ കേൾക്കാൻ ലാലേട്ടനും നിർമ്മാതാക്കളായ ആന്റണി പെരുമ്പാവൂരും ആന്റോ ജോസഫും തന്റെ ഫ്ലാറ്റിലെത്തിയെന്ന് വേണു കുന്നപ്പിള്ളി പറയുന്നു.

"ഭദ്രൻ സാറും അദ്ദേഹത്തിന്റെ അസിസ്റ്റന്റും ലാലേട്ടനും ആന്റണിയും ആന്റോയും ഒരുമിച്ചാണ് വന്നത്. അതൊരു സൂപ്പർ സബ്ജക്റ്റ് ആയിരുന്നു. വലിയ രീതിയിലുള്ള ആക്ഷൻ സീക്വൻസുകളുള്ള ചിത്രം. പക്ഷേ, സിനിമയ്ക്ക് ആവശ്യമായ വമ്പൻ ബജറ്റ് ആണ് എന്നെ പിന്തിരിപ്പിച്ചത്. കഥ സൂപ്പർ ആണെന്ന് ഭദ്രൻ സാറിനോടും ആന്റോയോടും പറഞ്ഞിരുന്നു. എന്നാൽ അത്രയും വലിയ റിസ്ക് എടുക്കാൻ ആ സമയത്ത് മടിയുണ്ടായിരുന്നു."- അദ്ദേഹം വ്യക്തമാക്കി.

ഒരു ലോറി ഡ്രൈവറുടെ വേഷത്തിലായിരുന്നു ചിത്രത്തിൽ മോഹൻലാൽ എത്തേണ്ടിയിരുന്നത്. പരുക്കനായ, പല ഭാഷകൾ സംസാരിക്കുന്ന, ഒരു നാടോടിയെപ്പോലെ ജീവിക്കുന്ന കഥാപാത്രം. തിരക്കഥയിൽ സബ്മറൈൻ ഉൾപ്പെടെയുള്ള അത്യാധുനിക സജ്ജീകരണങ്ങൾ വേണമായിരുന്നുവെന്നും സിനിമയുടെ വ്യാപ്തി വലുതായിരുന്നുവെന്നും അഭിമുഖത്തിൽ പറയുന്നു. 2005-ൽ പുറത്തിറങ്ങിയ 'ഉടയോൻ' ആണ് ഭദ്രൻ അവസാനമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം. വർഷങ്ങൾക്കിപ്പുറം ആരാധകർ കാത്തിരുന്ന ഈ സ്വപ്ന പ്രോജക്റ്റ് വെള്ളിത്തിരയിൽ എത്താത്തതിന്റെ നിരാശയിലാണ് സിനിമാ ലോകം.