കൊച്ചി: നടിയും മോഡലുമായ കൃഷ്ണപ്രഭ മാനസികാരോഗ്യത്തെക്കുറിച്ച് നടത്തിയ പരാമര്ശനങ്ങളെ വിമതശിച്ച് പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോൺ. ദീപിക പദുകോണിനെ മാനസികാരോഗ്യ അംബാസിഡറായി നിയമിച്ച വേളയിലാണ് മലയാളത്തിലെ ഒരു നടി മാനസികാരോഗ്യ പ്രശ്നങ്ങളെ പുച്ഛിച്ചു തള്ളുന്നതെന്നും, സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഉപദ്രവിക്കാതെയിരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

'പണിയൊന്നുമില്ലാതെ ഇരിക്കുന്നത് കൊണ്ടാണ് ഡിപ്രഷൻ ഉണ്ടാകുന്നത്,' എന്ന് ചിരിച്ചുകൊണ്ട് പറയുകയും, ഡിപ്രഷൻ, മൂഡ് സ്വിങ്സ് തുടങ്ങിയവയെല്ലാം പഴയ 'വട്ട്' ആണെന്നും ഇപ്പോൾ അതിന് പേരിടുക മാത്രമാണ് ചെയ്യുന്നതെന്നും കൃഷ്ണപ്രഭ പരാമർശിച്ചിരുന്നു. ഈ പരാമർശങ്ങൾ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഏകദേശം ഒൻപത് ശതമാനം ആളുകൾ അനുഭവിക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെയാണ് നടി പരിഹസിക്കുന്നതെന്നും, ഇത്തരം പരാമർശങ്ങൾ വ്യക്തികളെ നിരുത്സാഹപ്പെടുത്തുന്നതാണെന്നും ഡോ. സി.ജെ. ജോൺ ചൂണ്ടിക്കാട്ടി.

കൃഷ്ണപ്രഭയുടെ പ്രസ്താവനകൾക്കെതിരെ നടിമാരായ സാനിയ അയ്യപ്പൻ, ഗായിക അഞ്ജു ജോസഫ് തുടങ്ങിയവരും രംഗത്തുവന്നിട്ടുണ്ട്. സംഭവിച്ച കാര്യങ്ങൾ തിരുത്താനോ മാപ്പ് പറയാനോ തയ്യാറാകാതെ, തന്റെ പരാമർശങ്ങളെ മാധ്യമങ്ങളിലൂടെ ന്യായീകരിക്കാൻ മാത്രമാണ് കൃഷ്ണപ്രഭ ശ്രമിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. മാനസികാരോഗ്യത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾ പ്രചരിപ്പിക്കുന്നത് സമൂഹത്തിന് ഹാനികരമാണെന്ന് ഡോ. ജോൺ ഓർമ്മിപ്പിച്ചു.