കൊച്ചി: പ്രതിമാസം കോടികൾ വരുമാനം നേടുന്നതിലൂടെ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന 'പർപ്പിൾ ഹാൽസിയൻ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായി. അക്കൗണ്ട് ഉടമയായ മോഡൽ അശ്വനി എ.യുടെ പേജ് നിലവിൽ ഇൻസ്റ്റഗ്രാമിൽ ലഭ്യമല്ല. "ഈ പേജ് ലഭ്യമല്ല, ലിങ്ക് തകർന്നിരിക്കാം അല്ലെങ്കിൽ പേജ് നീക്കം ചെയ്തിരിക്കാം" എന്ന സന്ദേശമാണ് സെർച്ച് ചെയ്യുമ്പോൾ ലഭിക്കുന്നത്.

ഇന്ത്യയിൽ തന്നെ ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷനിലൂടെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ഇൻഫ്ലുവൻസർമാരിൽ ഒരാളായാണ് അശ്വനി അറിയപ്പെട്ടിരുന്നത്. പേളി മാണി, പ്രിയ വാര്യർ, അഹാന കൃഷ്ണ തുടങ്ങിയ പ്രമുഖ സെലിബ്രിറ്റികളേക്കാൾ കൂടുതൽ സബ്സ്ക്രൈബേഴ്സ് അശ്വനിക്ക് ഉണ്ടായിരുന്നു. സബ്സ്ക്രൈബേഴ്സിന് മാത്രമായുള്ള എക്സ്ക്ലൂസീവ് കോണ്ടെന്റുകളാണ് താരം പങ്കുവെച്ചിരുന്നത്. 390 രൂപയായിരുന്നു പ്രതിമാസ സബ്സ്ക്രിപ്ഷൻ തുക. 26,000-ൽ അധികം ആളുകൾ ഈ പ്ലാൻ എടുത്തതോടെ പ്രതിമാസ വരുമാനം ഒരു കോടി രൂപ കടന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.

2.85 ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്ന അശ്വനിയുടെ വരുമാനം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകൾ നടന്നിരുന്നു. ഇതിനിടെ താരത്തിനെതിരെ നിരവധി റോസ്റ്റിംഗ് വീഡിയോകളും പ്രത്യക്ഷപ്പെട്ടു. തനിക്കെതിരെ മോശം രീതിയിൽ വീഡിയോ ചെയ്ത ഒരാൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി അശ്വനി നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ, റോസ്റ്റിംഗ് നടത്തുന്നവർക്കായി ഒരു ബോധവൽക്കരണ വീഡിയോയും താരം പങ്കുവെച്ചിരുന്നു. ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ഇൻഫ്ലുവൻസറുടെ അക്കൗണ്ട് പെട്ടെന്ന് കാണാതായത് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ വലിയ ആകാംക്ഷയ്ക്ക് കാരണമായിട്ടുണ്ട്.