ഹൈദരാബാദ്: ഇന്ത്യൻ സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനമയാണ് പുഷ്പ 2. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവന്നപ്പോൽ മുതൽ വലിയ പ്രതീക്ഷയിലായിരുന്നു ആരാധകർ. ഇപ്പോൾ ആ ആകാംക്ഷ ഇരട്ടിപ്പിച്ചു കൊണ്ട് പുഷ്പ 2 വിലെ ആദ്യഗാനം പുറത്തുവിട്ടു. ടി സീരീസിന്റെ യൂട്യൂബ് ചാനലുകളിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.

നാല് മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ദേവിശ്രീ പ്രസാദാണ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങിയ ഗാനം ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ 'പുഷ്പ: ദ റൈസ്' എന്ന ചിത്രത്തിന്റ ആദ്യ ഭാഗം തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ വലിയ ചലനമാണ് സൃഷ്ടിച്ചത്. അണിയറയിൽ ഒരുങ്ങുന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായി ആരാധകർ വലിയ കാത്തിരുപ്പിലുമാണ്.

പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. ബൻവാർ സിങ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. 2024 ഓഗസ്റ്റ് 15-നാണ് പുഷ്പ 2 ആഗോളതലത്തിൽ റിലീസിനെത്തുക. അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്പൻ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി അല്ലു പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോർട്ടുകൾ മുൻപെത്തിയിരുന്നു.

സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടൻ സ്വീകരിക്കുക എന്നാണ് റിപ്പോർട്ട്. തിയേറ്റർ കളക്ഷന് പുറമെ സാറ്റലൈറ്റ്, ഒടിടി എന്നിവയിൽ നിന്നുള്ള വരുമാനത്തിന്റെ 33 ശതമാനവും ഇതിൽ ഉൾപ്പെടും എന്നാണ് സൂചനകൾ.