ന്യൂഡൽഹി: ബോളിവുഡ് താരം പരിനീതി ചോപ്രയും ആം ആദ്മി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരായി. ഞായറാഴ്ച രാത്രി ഉദയ്പൂരിൽ വച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങൾ ഇരുവരും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു.

പേൾ വൈറ്റ് വസ്ത്രങ്ങളായിരുന്നു ഇരുവരും ധരിച്ചിരുന്നത്. ബ്രേക്ക് ഫാസ്റ്റ് ടേബിളിൽ തുടങ്ങിയ സൗഹൃദം ഒടുവിൽ വിവാഹത്തിലെത്തിയിരിക്കുന്നു. ദീർഘനാളായി കാത്തിരുന്ന നിമിഷമാണിത്. ഒടുവിൽ ദമ്പതികളാകാൻ ഭാഗ്യമുണ്ടായെന്നും പരസ്പരം ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്നും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പരിനീതി കുറിച്ചു.

ഐവറി നിറത്തിലുള്ള ലഹങ്കയാണ് പരിനീതി അണിഞ്ഞത്. രാഘവിന്റെ പേര് ദുപ്പട്ടയിൽ എംബ്രോഡറി ചെയ്തിട്ടുണ്ട്. നിറയെ ബീജ് വർക്കുകളും ത്രെഡ് വർക്കുകളും നിറഞ്ഞ മനോഹരമായ ലഹങ്ക ഡിസൈൻ ചെയ്തത് മനീഷ് മൽഹോത്രയാണ്. പച്ച നിറത്തിലുള്ള കല്ലുകളോടു കൂടിയ ഹെവി നെക്ലേസാണ് പെയർ ചെയ്തത്. ഷെർവാണിയിലാണ് രാഘവ് വിവാദിനത്തിലെത്തിയത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, പ്രശസ്ത ഡിസൈനറായ മനീഷ് മൽഹോത്ര, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എംപിയുമായ ഹർഭജൻ സിങ്, മുൻ ടെന്നീസ് താരം സാനിയ മിർസ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മേയിൽ ഡൽഹിയിൽ വച്ചാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.