തിരുവനന്തപുരം: മകൾ റഷ്ദയുടെ മുപ്പതാം പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് മലയാളികളുടെ പ്രിയപ്പെട്ട നടൻ റഹ്മാൻ. ജീവിതത്തിലെ പ്രതിസന്ധികളെയും കഠിനമായ പരീക്ഷണങ്ങളെയും അതിജീവിച്ച മകളുടെ പോരാട്ടവീര്യത്തെയും കരുത്തിനെയും അഭിനന്ദിച്ച്, ഒരു അച്ഛനെന്ന നിലയിൽ റഷ്ദയെ ഓർത്ത് താൻ എത്രമാത്രം അഭിമാനിക്കുന്നുവെന്നും റഹ്മാൻ കുറിച്ചു.

തന്റെ മുപ്പതാം വയസ്സിൽ മകൾ ആർജ്ജിച്ച ധൈര്യം, വളർച്ച, അതിജീവനം എന്നിവയെ ഒരു നാഴികക്കല്ലായി താരം വിശേഷിപ്പിച്ചു. "എന്റെ പ്രിയപ്പെട്ട മകൾക്ക്, ഇന്ന് നിനക്ക് 30 വയസ്സ് തികയുകയാണ്. ഇത് വെറും പ്രായത്തിന്റെ ഒരു കണക്കല്ല; മറിച്ച് നിന്റെ ധൈര്യത്തിന്റെയും വളർച്ചയുടെയും അതിജീവനത്തിന്റെയും മനോഹരമായ ഒരു നാഴികക്കല്ലാണ്," റഹ്മാൻ കുറിച്ചു.

ജീവിതം റഷ്ദയെ അർഹിക്കാത്ത രീതിയിൽ പരീക്ഷിച്ച വർഷങ്ങളിലൂടെ ഒരു പിതാവെന്ന നിലയിൽ താൻ കടന്നുപോയെന്നും, കൊടുങ്കാറ്റുകളെ അവൾ നിശബ്ദമായി നേരിടുകയും വേദനകളെ അന്തസ്സോടെ ചുമക്കുകയും ചെയ്തിട്ടും തോൽക്കാതെ മുന്നോട്ട് പോകാൻ തീരുമാനിച്ചതിനെയും റഹ്മാൻ അനുസ്മരിച്ചു. ഇത്തരം അനുഭവങ്ങളൊന്നും മകളുടെ ഹൃദയത്തെ കടുപ്പമുള്ളതാക്കാൻ അവൾ അനുവദിച്ചില്ലെന്നും, ഓരോന്നിൽ നിന്നും പഠിച്ച്, എല്ലാം സഹിച്ച്, കൂടുതൽ ജ്ഞാനമുള്ളവളായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. ആരോടും വിദ്വേഷം തോന്നാതെ മുന്നോട്ട് പോയ റഷ്ദയുടെ ചിന്താശക്തിയെയും കരുണയെയും ഭയം തോന്നുമ്പോഴും ധൈര്യം കൈവിടാത്ത വ്യക്തിത്വത്തെയും ഓർത്ത് താൻ അത്യധികം അഭിമാനിക്കുന്നുവെന്നും റഹ്മാൻ കൂട്ടിച്ചേർത്തു.

മുപ്പത് എന്നത് ഒരു അവസാനമല്ലെന്നും ശക്തമായ തുടക്കമാണെന്നും താരം പറയുന്നു. "മുപ്പത് എന്നത് ഒരു അവസാനമല്ല, അതൊരു ശക്തമായ തുടക്കമാണ്. നിന്നെത്തന്നെ തിരിച്ചറിയാനും, നിന്റെ മൂല്യം മനസ്സിലാക്കാനും, സന്തോഷം നിന്നെ തേടി വരാൻ അനുവദിക്കാനുമുള്ള ഒരു പുതിയ അധ്യായമാണിത്." തന്റെ യാത്ര തന്റേത് മാത്രമാണെന്നും മറ്റാരോടും ഒന്നും തെളിയിക്കാനോ വിശദീകരിക്കാനോ ഇല്ലെന്നും റഹ്മാൻ ഓർമ്മിപ്പിച്ചു. "നീ പരിപൂർണയാണ്, നീ ആഴത്തിൽ സ്നേഹിക്കപ്പെടുന്നു. നീ കടന്നുപോയ എല്ലാ പ്രയാസകരമായ ദിവസങ്ങളേക്കാളും കരുത്തയാണ് നീ," എന്ന് കുറിച്ചുകൊണ്ടാണ് റഹ്മാൻ മകൾക്ക് നൽകിയ സന്ദേശം പൂർത്തിയാക്കിയത്.