കൊച്ചി: തൻ്റെ ഭാര്യയും നടിയുമായ ശ്രീവിദ്യ മുല്ലച്ചേരിയുടെ സമ്പാദ്യത്തിൽ ജീവിക്കുന്നതിൽ സന്തോഷമുണ്ടെന്നും, അതിൽ യാതൊരു മടിയുമില്ലെന്നും സംവിധായകൻ രാഹുൽ രാമചന്ദ്രൻ. താൻ സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന സമയത്ത് വലിയ പിന്തുണ നൽകിയത് ശ്രീവിദ്യയാണെന്ന് രാഹുൽ തുറന്നുപറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

"കഴിഞ്ഞ എട്ട് വർഷമായി ശ്രീവിദ്യ എന്നെ ഒരു കുറവും വരുത്താതെ സന്തോഷത്തോടെ നോക്കി. അതിന് മുൻപ് എൻ്റെ അമ്മയായിരുന്നു അത് ചെയ്തത്. ഇപ്പോൾ എനിക്ക് ശ്രീവിദ്യയെ തിരികെ ശ്രദ്ധിക്കാൻ കഴിയുന്നുണ്ട്. ഈയിടെയാണ് ആദ്യമായി എൻ്റെ പണമുപയോഗിച്ച് ശ്രീവിദ്യക്ക് പിറന്നാൾ സമ്മാനം വാങ്ങി നൽകിയത്. നിലവിൽ കൊളാബറേഷൻസിൽ നിന്നെല്ലാം എനിക്ക് നല്ല വരുമാനം ലഭിക്കുന്നുണ്ട്," രാഹുൽ പറഞ്ഞു.

"സ്വന്തം ഭാര്യയുടെ ചെലവിൽ ജീവിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. നാളെ തിരിച്ച് അവളെ ഇരട്ടി സന്തോഷത്തോടെ സംരക്ഷിക്കാൻ കഴിയുമെന്ന വിശ്വാസമുണ്ട്. എല്ലാം അവൾ നോക്കിക്കോളും എന്ന ചിന്തയല്ല എനിക്കുള്ളത്. കഴിഞ്ഞ മാസം വരെയും ഞാൻ അവളുടെ വരുമാനത്തെ ആശ്രയിച്ചാണ് ജീവിച്ചത്," രാഹുൽ കൂട്ടിച്ചേർത്തു.