- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവാര്‍ഡിനേക്കാള്‍ തിളക്കം ആ കുഞ്ഞുചിരിക്ക്! പത്മഭൂഷണില്‍ രാജ്യം മമ്മൂട്ടിയെ ആദരിക്കുമ്പോള്‍ ആലുവയിലെ ആശുപത്രിയില്‍ റാഹേലിന്റെ കണ്ണുകളില്‍ തിളക്കം; മെഗാസ്റ്റാറിന് നന്ദി പറഞ്ഞ് ചാലക്കുടിയിലെ ഓട്ടോ ഡ്രൈവര്‍ റിയോയും
'അവാര്‍ഡിനേക്കാള്‍ തിളക്കം ആ കുഞ്ഞുചിരിക്ക്!

കൊച്ചി: മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് രാജ്യം 'പത്മഭൂഷണ്‍' ബഹുമതി പ്രഖ്യാപിച്ച നിമിഷം, ആലുവ രാജഗിരി ആശുപത്രി പീഡിയാട്രിക് വാര്‍ഡില്‍ നന്ദി നിറഞ്ഞ കണ്ണുകളുമായി ഒരു പിതാവ് ഇരിപ്പുണ്ടായിരുന്നു. ചാലക്കുടി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ റിയോ. തന്റെ ഒരു വയസ്സുകാരി മകള്‍ റാഹേലിന്റെ വേദനയ്ക്ക് ശമനമാകാന്‍ കാരണമായ മമ്മൂട്ടി എന്ന വലിയ മനുഷ്യന്റെ ചിത്രം ടെലിവിഷന്‍ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ കുഞ്ഞിനോടയാള്‍ പറഞ്ഞു:
'മോളേ, ദേ നമ്മുടെ മമ്മൂക്ക !' 'എന്റെ കുഞ്ഞിന് പുതുജീവന്‍ നല്‍കിയ മനുഷ്യന് ദൈവം നല്‍കിയ പുരസ്‌കാരമാണിത്'- റിയോ വിതുമ്പി. സിനിമയിലെ നായകനേക്കാള്‍ വലിയൊരു ഹൃദയമുള്ള മനുഷ്യനെയാണ് രാജ്യം ആദരിച്ചതെന്ന് റിയോയുടെ സാക്ഷ്യം. മമ്മൂട്ടിയുടെ വാത്സല്യം പദ്ധതിയിലൂടെ പുതുജീവിതം കിട്ടിയ അനേകം കുട്ടികളില്‍ ഏറ്റവും ഒടുവിലത്തെയാളാണ് റാഹേല്‍. റാഹേലിന്റെ ശസ്ത്രക്രിയ വാത്സല്യം പദ്ധതിയിലൂടെ രാജിഗിരി ആശുപത്രിയില്‍ പൂര്‍ണമായും സൗജന്യമായാണ് നടത്തിയത്.
സാമ്പത്തികമായി പിന്നോക്കം നില്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ വിവിധ അസുഖങ്ങള്‍ക്കുള്ള ശസ്ത്രക്രിയ സൗജന്യമായി നടത്താന്‍ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ആവിഷ്‌കരിച്ചതാണ് വാത്സല്യം പദ്ധതി. മറ്റ് ആശുപത്രികളില്‍ വലിയ തുക ചെലവാകുന്ന റോബോട്ടിക് ശസ്ത്രക്രിയയാണ് രാജഗിരിയില്‍ സൗജന്യമായി നടത്തുന്നത്. പിതാവ് റിയോ ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് റാഹേലിന്റെ കുടുംബം കഴിയുന്നത്.
ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചതോടെ, പണം കണ്ടെത്താന്‍ വിഷമിച്ച റിയോയ്ക്ക് മുന്നിലേക്ക് ഒരു ബന്ധു വഴിയാണ് മമ്മൂട്ടിയുടെ 'വാത്സല്യം' പദ്ധതിയുടെ വിവരം എത്തുന്നത്. ഉടനെ തന്നെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഭാരവാഹികളുമായി ബന്ധപ്പെട്ടു. കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ വഴി വിവരം അറിഞ്ഞ മമ്മൂട്ടി കുഞ്ഞിനെ അടിയന്തരമായി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശസ്ത്രക്രിയ നടത്താന്‍ നിര്‍ദ്ദേശം നല്‍കി.
രാജഗിരി ആശുപത്രിയില്‍ പീഡിയാട്രിക് സര്‍ജന്‍ ഡോ. വിനീത് ബിനുവിന്റെ നേതൃത്വത്തിലായിരുന്നു പൈലോപ്ലാസ്റ്റി ശസ്ത്രക്രിയ. കുഞ്ഞിന്റെ പ്രായം കണക്കിലെടുത്ത് റോബോട്ടിക് ശസ്ത്രക്രിയ വഴിയാണ് പൈലോപ്ലാസ്റ്റി ചെയ്തത്.


