ഹൈദരാബാദ്: തെലുങ്കിലോ സൂപ്പർതാരമാണ് നന്ദമൂരി ബാലകൃഷ്ണ. ഇപ്പോഴും ആരെയും വെല്ലുന്ന തലയെടുപ്പുള്ള നടൻ. ഇപ്പോൾ ബാലയ്യയെ പ്രശംസിച്ചുകൊണ്ടുള്ള സൂപ്പർതാരം രജനീകാന്തിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്. അമിതാഭ് ബച്ചനോ ഷാറുഖ് ഖാനോ തനിക്കോ ഒന്നും ചെയ്യാനാകാത്ത കാര്യങ്ങൾ നന്ദമൂരി ബാകൃഷ്ണയ്ക്ക് സാധിക്കുമെന്നാണ് രജനീകാന്ത് പറഞ്ഞത്.

ബാലയ്യയ്ക്ക് ഒരു നോട്ടം മതി എല്ലാം തകർക്കാൻ എന്നാണ് രജനീകാന്ത് പറഞ്ഞത്. ബാലയ്യ ചെയ്യുന്നതെല്ലാം പ്രേക്ഷകർ ഏറ്റെടുക്കുമെന്നും താരം കൂട്ടിച്ചേർത്തു. ''എന്റെ സുഹൃത്തായ ബാലയ്യയ്ക്ക് ഒരു നോട്ടം മതി എല്ലാം തകർക്കാൻ. ഒരു ചെറിയ കണ്ണിറുക്കൽ കൊണ്ട് വാഹനം പൊട്ടിത്തെറിപ്പിക്കാനും അതു മുപ്പതടി ഉയരത്തിലേക്ക് പറപ്പിക്കാനും അദ്ദേഹത്തിനു സാധിക്കും. അത് രജിനികാന്ത്, അമിതാഭ്, ഷാറുഖ് ഖാൻ, സൽമാൻ ഖാൻ ഇവർ ആരെ കൊണ്ടും സാധ്യമായ കാര്യമല്ല. അങ്ങനെയുള്ള കാര്യങ്ങൾ ഞങ്ങൾ ചെയ്താലും ആരും അംഗീകരിക്കില്ല. ബാലയ്യ പറഞ്ഞു.

ബാലയ്യയുടെ പിതാവും നടനും ആന്ധ്രാ മുൻ മുഖ്യമന്ത്രിയുമായ നന്ദമൂരി താരക രാമ റാവുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു താരം. തെലുങ്ക് പ്രേക്ഷകർ ബാലയ്യയെയല്ല മറിച്ച് എൻടിആറിനെയാണ് അദ്ദേഹത്തിൽ കാണുന്നത്. അദ്ദേഹം ഒരു നല്ല ഹൃദയത്തിനുടമയാണ്. രാഷ്ട്രീയത്തിലും സിനിമയിലും ഒരുപോലെ അദ്ദേഹത്തിനു ശോഭിക്കാൻ കഴിയട്ടെയെന്നും രജനീകാന്ത് ആശംസിച്ചു.