കൊച്ചി: രാജേഷ് മാധവനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. രാജേഷ് മാധവൻ ആദ്യമായി നായക വേഷത്തിൽ എത്തുന്ന സിനിമ ഏറെ പ്രതീകഷകളുള്ളതാണ്. ഇപ്പോൾ താരത്തിന്റെ ബിഗ് ഡേയിൽ പ്രതിശ്രുത വധു ദീപ്തി കാരാട്ട് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

രാജേഷ് മാധവനെക്കുറിച്ചോർത്ത് അഭിമാനമുണ്ടെന്നാണ് ദീപ്തി കുറിച്ചത്. ഇന്ന് ശരിക്കും ഒരു വലിയ ദിവസമാണ്. ഉയർച്ചയിലൂടെയും താഴ്ചയിലൂടെയും സന്തോഷവും നിരാശയും നിറഞ്ഞ നിന്റെ യാത്രയ്ക്ക് ഞാൻ സാക്ഷിയായി. സുരേശനാകാൻ നീ നടത്തിയ അർപ്പണബോധവും കഠിനാധ്വാനവും കണ്ടു. ഒരു അസോഷ്യേറ്റ് ഡയറക്ടർ എന്ന നിലയിലും നിങ്ങളുടെ പങ്കാളി എന്ന നിലയിലും അതിന് സാക്ഷിയായി സെറ്റിൽ ഞാനുണ്ടായിരുന്നു.

നിന്നേക്കുറിച്ചോർത്ത് എനിക്ക് അഭിമാനമാണ്. എന്റെ ഹൃദയം അഭിമാനത്താൽ വീർപ്പുമുട്ടുന്നു. നിങ്ങൾ ചെയ്ത എല്ലാ ത്യാഗങ്ങളുടെയും പരിശ്രമങ്ങളുടെയും ഫലമാണ് ഈ ദിവസം. നിങ്ങൾക്ക് വിജയമല്ലാതെ മറ്റൊന്നും നേരാനാവില്ല! എന്റെ സുരേഷിനും അവന്റെ ഹൃദ്യമായ പ്രണയകഥയ്ക്കും ആശംസകൾ. എന്ന് നിന്റെ ഏറ്റവും വലിയ ആരാധിക.- ദീപ്തി കുറിച്ചു.

രതീഷ് പൊതുവാൾ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ സ്പിൻ ഓഫ് ചിത്രമാണിത്. ചിത്രത്തിലെ കഥാപാത്രങ്ങളായ സുരേശന്റേയും സുമലതയുടേയും ജീവിതമാണ് പറയുന്നത്. ചിത്ര. എസ്. നായരാണ് ചിത്രത്തിൽ നായിക.