- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാസർകോടുകാരെ അധിക്ഷേപിക്കുന്ന പ്രസ്താവന; ഇവിടെ നിന്നും ഇനി സിനിമയിലേക്ക് വരുന്നവർക്ക് അതൊരു ഡീമോട്ടിവേഷനാണ്; ശക്തമായി തന്നെ പ്രതിഷേധിക്കുന്നു; നിർമ്മാതാവ് എം രഞ്ജിത്തിനെതിരെ രാജേഷ് മാധവൻ
കാസർകോട്: മയക്കു മരുന്നുപയോഗവും ലഭ്യതക്കൂടുതലുമാണ് മലയാള സിനിമകൾ കാസർകോട് കേന്ദ്രീകരിക്കുന്നതെന്ന നിർമ്മാതാവ് എം രഞ്ജിത്തിന്റെ രൂക്ഷ വിമർശനത്തിനോട് പ്രതികരിച്ച് നടൻ രാജേഷ് മാധവൻ. കാസർകോടുകാരെ അധിക്ഷേപിക്കുന്ന പ്രസ്താവനയാണ് നിർമ്മാതാവ് നടത്തിയതെന്നും സിനിമയിലേക്ക് വരുന്ന ആളുകൾക്ക് ഡീമോട്ടിവേഷനാണുണ്ടാകുന്നതെന്നും നടൻ പറഞ്ഞു.
കാസർകോട് നിന്നുണ്ടാകുന്ന സിനിമകളെയും, കാസർകോട് നിന്ന് പോകുന്ന സിനിമാക്കാരെയും, കാസർകോടുകാരെ തന്നെയും അധിക്ഷേപിക്കുന്ന ധ്വനി ഏത് രീതിയിൽ വായിച്ചാലും ആ പ്രസ്താവനയിൽ കാണാൻ കഴിയും. നിർമ്മാതാവിന്റെ പ്രസ്താവനയോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. അതൊരു സാംസ്‌കാരികമായ പ്രശ്നം മാത്രമല്ല. ഇവിടുത്തെ നിയമങ്ങളെയും ഗവൺമെന്റിനെയുമാണ് ആ പ്രസ്താവനയിലൂടെ അദ്ദേഹം വിമർശിക്കുന്നത്, രാജേഷ് വ്യക്തമാക്കി
ഏത് തരത്തിൽ വായിച്ചാലും പ്രശ്നമുള്ള ഒരു പ്രസ്താവനയാണത്. ഈ കാലഘട്ടത്തിൽ എന്തുകൊണ്ടാണ് കാസർകോടൻ സിനിമകൾ ചർച്ചചെയ്യപ്പെടുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം. അത്തരം സാഹചര്യത്തിൽ അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്തുന്നതെന്തിന്? അത് കാസർകോടൻ സിനിമകളുടെ സ്വഭാവത്തെ വേറൊരു രീതിയിലേക്ക് മാറ്റിയാണ് ചെയ്യുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഭയങ്കരമായ മാനസിക പ്രശ്നങ്ങളാണുണ്ടാക്കുന്നു. ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ ഞങ്ങളുടെ വീട്ടുകാർ എന്താണ് ചിന്തിക്കുക.മാത്രമല്ല, ഇവിടെ നിന്നും ഇനി സിനിമയിലേക്ക് വരുന്നവർക്ക് അതൊരു ഡീമോട്ടിവേഷനാണ്. അതുപോലെ കാസർകോടേക്ക് ജോലിക്ക് വരുന്ന ആളുകൾ പോലും ഇത് മോഹിച്ചാണ് വരുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
അദ്ദേഹം പറഞ്ഞിരിക്കുന്നത് പൊലീസുമൊക്കെയായി ബന്ധപ്പെട്ടുള്ള കാര്യമാണ്. അപ്പോൾ അതൊരു സാംസ്‌കാരിക പ്രശ്നം മാത്രമല്ല, ഇവിടെയുള്ള നിയമങ്ങളെയും ഗവൺമെന്റിനെയുമൊക്കെയാണ് ആ പ്രസ്താവനയിലൂടെ അദ്ദേഹം വിമർശിച്ചത്. എന്തായാലും നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒരു ഓൺലൈൻ മാധ്യമത്തോട് രാജേഷ് പ്രതികരിച്ചു.




