ഹൈദരാബാദ്: സാമന്തയെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് സംവിധായകനും നിർമ്മാതാവുമായ രാജ് നിദിമോറുവിന്റെ സഹോദരി ശീതൾ നിദിമോറു. സാമന്തയ്ക്കും രാജിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ശീതൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചത്. ചില ബന്ധങ്ങൾ വെറുതേ സംഭവിക്കുന്നതല്ലെന്നും അവ തങ്ങളിൽ വന്നുചേരുകയാണെന്നും ശീതൾ തന്റെ പോസ്റ്റിൽ കുറിച്ചു.

രാജിനും സാമന്തയ്ക്കും ഒപ്പം നിൽക്കുമ്പോൾ താൻ അനുഭവിക്കുന്ന സമാധാനത്തിനും കുടുംബത്തിനുണ്ടായ വ്യക്തതയ്ക്കും നന്ദിയുണ്ടെന്നും അവർ വ്യക്തമാക്കി. "പ്രദോഷത്തില്‍ ഈറനണിഞ്ഞ് തണുത്തുവിറച്ച് ചന്ദ്രകുണ്ഡത്തില്‍ ശിവഭഗവാനെ പ്രാര്‍ഥിക്കുമ്പോള്‍, കണ്ണീരോടെ ഞാന്‍ ശിവലിംഗത്തെ ആലിംഗനം ചെയ്തതു പോലെ തോന്നി. ആ കണ്ണുനീര്‍ വേദനയുടേതായിരുന്നില്ല, കൃതജ്ഞതയുടേതായിരുന്നു. ഈ സമയത്ത് ഞാന്‍ അനുഭവിക്കുന്ന സമാധാനത്തിനും കുടുംബത്തിനാകെ വന്നുചേര്‍ന്ന വ്യക്തതയ്ക്കും രാജും സാമന്തയും ഒന്നു ചേരുന്നതിലുമുള്ള നന്ദി," ശീതൾ കുറിച്ചു.

അവരുടെ അന്തസ്സിലും ആത്മാർത്ഥതയിലും, രണ്ടു ഹൃദയങ്ങൾ ഒരേ പാത തിരഞ്ഞെടുക്കുമ്പോൾ മാത്രമുണ്ടാകുന്ന ഉറച്ച നിലപാടിലും, അവരുടെ ഓരോ ചുവടിലും അഭിമാനം തോന്നുന്നുവെന്നും ശീതൾ കൂട്ടിച്ചേർത്തു. തങ്ങൾ പൂർണ്ണമായും സന്തോഷത്തോടെ അവർക്കൊപ്പം നിൽക്കുകയും എല്ലാ വിധത്തിലും അവരെ അനുഗ്രഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നും അവർ വ്യക്തമാക്കി.

ഇഷയിലെ ചടങ്ങുകൾ തന്നെ ഒരു കാര്യം ഓർമ്മിപ്പിച്ചെന്നും എള്ളെണ്ണ വിളക്കുകൾ കൊളുത്തുമ്പോൾ തന്റെ ഹൃദയം പ്രാർത്ഥിച്ചത് ഒരേയൊരു കാര്യത്തിനു വേണ്ടിയായിരുന്നുവെന്നും ശീതൾ സൂചിപ്പിച്ചു. എല്ലാവർക്കും ഇതുപോലെ ശാന്തവും സ്ഥിരവും ശരിയായതുമായ പ്രണയം കണ്ടെത്താൻ കഴിയട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് ശീതൾ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. നിരവധി ആരാധകർ ശീതൾ പങ്കുവെച്ച ഈ കുറിപ്പിന് താഴെ സാമന്തയോടുള്ള സ്നേഹവും സന്തോഷവും അറിയിച്ചുകൊണ്ട് കമന്റുകളുമായെത്തിയിട്ടുണ്ട്.