- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
‘സാറ എനിക്ക് മകളെപ്പോലെ, സ്നേഹപ്രകടനം തെറ്റായി വ്യാഖ്യാനിച്ചു’; ഷൂട്ടിങ് സമയത്തും ഞാനവളുടെ നെറ്റിയിൽ ചുംബിക്കുമായിരുന്നു; വിവാദങ്ങളിൽ മറുപടിയുമായി രാകേഷ് ബേദി

മുംബൈ: ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ച മുന്നേറുന്ന ‘ധുരന്ധർ 2’ വിന്റെ വിജയത്തിനിടയിലും തനിക്കെതിരെ ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി നടൻ രാകേഷ് ബേദി. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെ നായിക സാറ അർജുനെ താരം ചുംബിച്ചത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ തന്റെ പ്രവർത്തി സോഷ്യൽ മീഡിയ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് രാകേഷ് ബേദി പറഞ്ഞു. റെഡ് എഫ്എം പോഡ്കാസ്റ്റിലായിരുന്നു താരത്തിന്റെ പ്രതികരണം.
ചിത്രത്തിൽ രാകേഷ് ബേദി അവതരിപ്പിച്ച ജമീൽ ജമാലി എന്ന രാഷ്ട്രീയ പ്രവർത്തകന്റെ മകളായ യലീന ജമാലിയായാണ് സാറ അർജുൻ വേഷമിട്ടത്. ഷൂട്ടിങ് സെറ്റിലുടനീളം തങ്ങൾക്കിടയിൽ ഒരു പിതാവും മകളും തമ്മിലുള്ള ബന്ധമായിരുന്നുവെന്ന് രാകേഷ് പറയുന്നു. "ഷൂട്ടിങ് സമയത്ത് സാറ വരുമ്പോഴെല്ലാം ഒരു മകളെയെന്ന പോലെ ഞാൻ അവളെ കെട്ടിപ്പിടിക്കുകയും നെറ്റിയിൽ ചുംബിക്കുകയും ചെയ്യുമായിരുന്നു. പേടിക്കേണ്ടതില്ലെന്നും മികച്ച സീനുകളാണ് നമ്മൾ ചെയ്യുന്നതെന്നും പറഞ്ഞ് അവളെ ആശ്വസിപ്പിക്കാറുണ്ടായിരുന്നു. ആ ഒരു സ്നേഹപ്രകടനമാണ് ട്രെയ്‌ലർ ലോഞ്ചിലും ഞാൻ ആവർത്തിച്ചത്. എന്നാൽ ആളുകൾ അത് പല രീതിയിൽ എഴുതിപ്പിടിപ്പിക്കാൻ തുടങ്ങി." - രാകേഷ് ബേദി വ്യക്തമാക്കി.
ചിലരെങ്കിലും തന്റെ ഭാഗം കേൾക്കാൻ തയ്യാറായതിൽ സന്തോഷമുണ്ടെന്നും, എന്നാൽ ആളുകൾക്ക് വിവാദങ്ങൾ ഉണ്ടാക്കാൻ ഒരു കാരണം മാത്രം മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദങ്ങൾ ഒരു വശത്ത് നടക്കുമ്പോഴും ‘ധുരന്ധർ 2’ ഇന്ത്യൻ സിനിമയിലെ തന്നെ വലിയ വിജയങ്ങളിലൊന്നായി മാറുകയാണ്. ഇതുപോലൊരു ഹിറ്റ് ആരുടെയും ജീവിതത്തിൽ പ്രതീക്ഷിക്കാത്ത ഒന്നാണെന്ന് രാകേഷ് ബേദി പറഞ്ഞു. മാർച്ച് 19-ന് തിയറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം 850 കോടി രൂപയാണ് ആഗോളതലത്തിൽ സ്വന്തമാക്കിയത്. സാറ അർജുനോടുള്ള പെരുമാറ്റത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം നേരിട്ടെങ്കിലും സിനിമയുടെ വമ്പൻ വിജയം അണിയറപ്രവർത്തകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.


