ന്യൂഡൽഹി: വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിലാണ് ബോളിവുഡ് താരം രാകുൽ പ്രീത് സിംഗും നടനും ചലച്ചിത്ര നിർമ്മാതാവുമായ ജാക്കി ഭഗ്നാനിയും വിവാഹിതരായത്. ഗോവയിൽ വച്ചു നടന്ന ഇവരുടെ മനോഹരമായ വിവാഹച്ചടങ്ങുകൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ രാജ്യതലസ്ഥാനത്തെ പുതിയ പാർലമെന്റ് മന്ദിരം സന്ദർശിക്കുന്ന ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് താരദമ്പതിമാർ. സോഷ്യൽ മീഡിയയിലൂടെയാണ് ഇവർ ചിത്രങ്ങൾ പങ്കിട്ടത്. അവിസ്മരണിയ നിമിഷം എന്ന ക്യാപ്ഷൻ നൽകിയാണ് ഇവർ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചത്.

"ഡൽഹിയിലെ പുതിയ പാർലമെന്റിലെ അവിസ്മരണീയ നിമിഷം. ജനാധിപത്യത്തിന്റെ ചൈതന്യം പ്രവർത്തിക്കുന്നു. സത്യമേവ ജയതേ ജയ് ഹിന്ദ്..." എന്നാണ് രാകുൽ പ്രീത് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് പാർലമെന്റ് മന്ദിരത്തിന്റെ മുന്നിൽ ഇരുവരും നിൽക്കുന്നതാണ് ചിത്രങ്ങൾ.

കഴിഞ്ഞ മാസമാണ് ഇരുവരും വിവാഹിതരായത്. വിദേശത്ത് വലിയ ആഘോഷത്തിൽ നടത്താനിരുന്ന വിവാഹം ഗോവയിലായിരുന്നു നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെത്തുടർന്നാണ് ഇവർ വിവാഹം ഇന്ത്യയിലേക്ക് മാറ്റിയത്. വിവാഹാഘോഷ ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ശ്രദ്ധനേടിയിരുന്നു.

കമൽഹാസൻ-ശങ്കർ കൂട്ടുകെട്ടിലെത്തുന്ന ഇന്ത്യൻ -2 യിലാണ് രാകുൽ ഇപ്പോൾ അഭിനയിക്കുന്നത്. അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും പ്രധാന കഥാപാത്രങ്ങളാകുന്ന ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ചിത്രമാണ് ജാക്കിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.