ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പർതാര രാംചരണ് ഇത് നല്ല സമയമാണ്. ആർആർആർ എന്ന സിനിമ ഓസ്‌കാർ വേദിയിലും തിളങ്ങിയതോടെ പ്രശസ്തി അന്താരാഷ്ട്ര തലത്തിലാണ്. ഇപ്പോൾ മറ്റൊരു സന്തോഷ വാർത്ത കൂടിയാണ് പുറത്തുവരുന്നത്. ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ സൂപ്പർതാരം രാം ചരണും ഭാര്യ ഉപാസനയും.

ഷൂട്ടിങ് തിരക്കിന് ഇടയിലും ഉപാസനയ്‌ക്കൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുന്നുണ്ട് രാം ചരൺ. അടുത്തിടെയാണ് ഇവർ മാലിദ്വീപിൽ അവധി ആഘോഷിച്ച് തിരിച്ചെത്തിയത്. ആദ്യത്തെ കൺമണി വരുന്നതിന്റെ സന്തോഷത്തിൽ സിനിമയിൽ നിന്ന് ഇടവേളയെടുക്കാൻ രാം ചരൺ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന വാർത്തകൾ.

മൂന്നു മാസത്തേക്കായിരിക്കും താരം സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കുക എന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത മാസം കുഞ്ഞ് ജനിക്കും എന്നാണ് പ്രതീക്ഷയിലാണ് താരങ്ങൾ. ഉപാസനയ്ക്കും കുഞ്ഞിനുമൊപ്പം സമയം ചെലവഴിക്കാൻ വേണ്ടിയാണ് താരം ബ്രേക്ക് എടുക്കുന്നത്.

നിലവിൽ ഗെയിം ചെയ്ഞ്ചർ എന്ന സിനിമയുടെ ക്ലൈമാക്‌സാണ് ഇനി ഷൂട്ട് ചെയ്യാനുള്ളത്. അടുത്ത ആഴ്ചയ്ക്കുള്ള ഷൂട്ടിങ് ആരംഭിച്ച് മെയ് ആദ്യം ചിത്രീകരണം പൂർത്തിയാക്കാനാണ് രാം ചരണിന്റെ പദ്ധതി. അടുത്ത ചിത്രമാണ് ബുച്ചി ബാബു സനയുടെ ഷൂട്ടിങ് സെപ്റ്റംബറിലായിരിക്കും ആരംഭിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിനു ശേഷമാണ് ദമ്പതികൾക്ക് കുഞ്ഞ് ജനിക്കാൻ പോകുന്നത്.