ഹൈദരാബാദ്: ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പെഡ്ഡി'യുടെ ചിത്രീകരണത്തിനിടെ മെഗാ പവർ സ്റ്റാർ രാംചരണിന് പരിക്ക്. കണ്ണിന് മുകളിലേറ്റ മുറിവ് സാരമുള്ളതല്ലെന്നും താരം സെറ്റിൽ തിരിച്ചെത്തിയെന്നും ചിത്രത്തോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച നടന്ന ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.

മുറിവ് അല്പം ആഴത്തിലുള്ളതായതിനാൽ കണ്ണിന് മുകളിലായി നാല് തുന്നലുകൾ ഇടേണ്ടി വന്നു. കണ്ണിന് പരിക്കേറ്റെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവമല്ലെന്നും കണ്ണിന് കുഴപ്പമൊന്നുമില്ലെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി. പരിക്ക് ഗുരുതരമല്ലാത്തതിനാൽ വിശ്രമത്തിന് ശേഷം രാംചരൺ വീണ്ടും ഷൂട്ടിങ് സംഘത്തിനൊപ്പം ചേർന്നിട്ടുണ്ടെന്നാണ് വിവരം.

വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമിക്കുന്ന 'പെഡ്ഡി' ഒരു സ്പോർട്സ് ഡ്രാമയാണ്. മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്സും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇഷാൻ സക്സേനയാണ് സഹനിർമാതാവ്. ജാൻവി കപൂർ നായികയാകുന്ന ചിത്രത്തിൽ കന്നഡ സൂപ്പർ താരം ശിവരാജ്കുമാർ, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

2024 നവംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഓസ്കാർ ജേതാവ് എ.ആർ. റഹ്മാൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിലെ പുറത്തുവന്ന ഗാനം ഇതിനോടകം തന്നെ ചാർട്ട്ബസ്റ്ററുകളിൽ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നടന്നത്.