- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാംസാഹാരമില്ല, കഠിന വ്രതം; എട്ടുമാസം കൊണ്ട് രാം ചരൺ കെട്ടിപ്പടുത്തത് അമ്പരപ്പിക്കുന്ന ശരീരം; 'പെദ്ധി' ഗ്ലിംപ്സ് വീഡിയോയിൽ തരംഗമായി രാം ചരണിന്റെ ലുക്ക്

ഹൈദരാബാദ്: വെള്ളിത്തിരയിൽ വീണ്ടും വിസ്മയം തീർക്കാൻ മെഗാ പവർ സ്റ്റാർ രാം ചരൺ എത്തുന്നു. ബുചി ബാബു സന സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം 'പെദ്ധി'യുടെ ഗ്ലിംപ്സ് വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഗുസ്തിക്കാരനായുള്ള താരത്തിന്റെ ശാരീരിക മാറ്റമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. 'പെദ്ധി പെഹൽവാൻ' എന്ന മാസ്സ് അവതാരത്തിൽ കയ്യിൽ ഗദയുമേന്തി എതിരാളികളെ നിലംപരിശാക്കുന്ന രാം ചരണിന്റെ ദൃശ്യങ്ങൾ ആവേശത്തോടെയാണ് സിനിമാലോകം ഏറ്റെടുത്തിരിക്കുന്നത്.
ചിത്രത്തിലെ കഥാപാത്രത്തിനായി രാം ചരൺ നടത്തിയ കഠിനാധ്വാനത്തെക്കുറിച്ച് സംവിധായകൻ ബുചി ബാബു സന വെളിപ്പെടുത്തിയ കാര്യങ്ങൾ ശ്രദ്ധേയമാണ്. എട്ടു മാസത്തോളം നീണ്ട കഠിനമായ പരിശീലനത്തിലൂടെയാണ് താരം ഈ ശരീരം നേടിയെടുത്തത്. അയ്യപ്പ ദീക്ഷ വ്രതത്തിലായിരുന്നതിനാൽ പൂർണ്ണമായും സസ്യഭുക്കായി തുടർന്നുകൊണ്ടായിരുന്നു ഈ പരിവർത്തനമെന്നത് അതിശയിപ്പിക്കുന്നതാണെന്ന് സംവിധായകൻ പറഞ്ഞു. ഗുസ്തിക്കാരുടെ പ്രധാന ആയുധമായ ഗദ ഉപയോഗിക്കുന്നതിലും താരം പ്രത്യേക പരിശീലനം നേടി. ചിത്രത്തിൽ ഗുസ്തിക്കൊപ്പം തന്നെ ക്രിക്കറ്റിനും പ്രാധാന്യമുണ്ടെന്നും സംവിധായകൻ സൂചിപ്പിച്ചു.
ബോളിവുഡ് താരം ജാൻവി കപൂർ നായികയാകുന്ന ചിത്രത്തിൽ കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാം ചരണും ശിവരാജ് കുമാറും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യേന്ദു ശർമ്മ, ജഗപതി ബാബു, ബോമൻ ഇറാനി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഓസ്‌കാർ ജേതാവ് എ.ആർ. റഹ്മാൻ സംഗീതം നൽകിയ ചിത്രത്തിലെ 'ചികിരി ചികിരി', 'റായ് റായ് രാ രാ' എന്നീ ഗാനങ്ങൾ ഇതിനോടകം ആഗോള തലത്തിൽ സൂപ്പർഹിറ്റായിക്കഴിഞ്ഞു.
ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരുവാണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിങ്‌സും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. 2026 ഏപ്രിൽ 30-ന് 'പെദ്ധി' ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. രത്നവേലു ക്യാമറയും നവീൻ നൂലി എഡിറ്റിങ്ങും നിർവ്വഹിക്കുന്നു.


