മുംബൈ: സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനുമായുള്ള തർക്കത്തെ തുടർന്ന് വിജയ് ചിത്രമായ 'ജനനായക'ന്റെ റിലീസ് മാറ്റിയതിന് പിന്നാലെ സെൻസർ ബോർഡിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ രാം ഗോപാൽ വർമ. സെൻസർഷിപ്പ് സംവിധാനം കാലഹരണപ്പെട്ടതും നിലവിലെ സാഹചര്യത്തിൽ അപ്രസക്തവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സെൻസർ ബോർഡ് കാലഹരണപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റിൽ രാം ഗോപാൽ വർമ വ്യക്തമാക്കി.

'ജനനായകൻ' എന്ന ചിത്രത്തിന്റെ കാര്യത്തിൽ മാത്രമല്ല, ഇന്ത്യയിലെ മൊത്തത്തിലുള്ള സെൻസർഷിപ്പ് മാതൃകയ്ക്ക് ഇത് ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെൻസർ ബോർഡ് ഇന്നും പ്രസക്തമാണെന്ന് കരുതുന്നത് വലിയ മണ്ടത്തരമാണെന്നും, അതിന്റെ പ്രസക്തിയെക്കുറിച്ച് ചർച്ച ചെയ്യാനുള്ള വിമുഖതയാണ് നിലനിൽപ്പിന് കാരണമെന്നും അദ്ദേഹം വാദിച്ചു. ഫിൽട്ടർ ചെയ്യാത്തതും ദോഷകരവുമായ ഉള്ളടക്കങ്ങൾ ഓൺലൈനിൽ വ്യാപകമാകുന്ന ഇക്കാലത്ത് സിനിമയെ നിയന്ത്രിക്കുന്നതിന്റെ യുക്തിയെ അദ്ദേഹം ചോദ്യം ചെയ്തു.

"12 വയസ്സുള്ള ഒരു കുട്ടിക്ക് ഫോണിലൂടെ ഒരു തീവ്രവാദ വധശിക്ഷയും, ഒമ്പത് വയസ്സുള്ള ഒരു കുട്ടിക്ക് കഠിനമായ അശ്ലീലദൃശ്യങ്ങളും കാണാൻ കഴിയുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ രാഷ്ട്രീയ വിഷം, വർഗീയ വിഷം, സ്വഭാവഹത്യകൾ എന്നിവ പ്രദർശിപ്പിക്കുന്നുണ്ട്. അതേസമയം സിനിമയിലെ “ഒരു വാക്കോ, ഒരു ഷോട്ട് അല്ലെങ്കിൽ ഒരു സിഗരറ്റോ” പരിശോധിക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബോർഡിന്റെ ഇടപെടലുകളെ "നാടകങ്ങൾ" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സെൻസർഷിപ്പ് കാഴ്ചക്കാരെ അപമാനിക്കുക മാത്രമാണ് ചെയ്യുന്നതെന്നും, എന്ത് കാണണമെന്ന് തീരുമാനിക്കുന്നതിൽ അധികാരികൾ പൗരന്മാരെ വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രായവർഗീകരണവും മുന്നറിയിപ്പുകളും അർത്ഥവത്താണെങ്കിലും, സെൻസർഷിപ്പ് അങ്ങനെയല്ലെന്നും രാം ഗോപാൽ വർമ കൂട്ടിച്ചേർത്തു.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകൻ' ജനുവരി ഒമ്പതിന് റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു. പ്രദർശനാനുമതി ലഭിക്കാത്തതിനെത്തുടർന്ന് പ്രീ-ബുക്കിങ്ങിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് നിർമ്മാണക്കമ്പനി പണം തിരികെ നൽകിയിരുന്നു. രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുന്ന നടൻ വിജയ്യുടെ അവസാനത്തെ ചിത്രമാണിത്. പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.