ചെന്നൈ: ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാലോകത്തെ ഗ്ലാമർ നായികയായിരുന്നു രംഭ. തെന്നിന്ത്യയിലെ വിവിധ ഭാഷകളിൽ ഒരുപോലെ തിളങ്ങി നിന്ന താരം. ഇപ്പോൾ സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സൂപ്പർതാരം രജനീകാന്തിനെക്കുറിച്ച് താരം പറഞ്ഞ ചില കാര്യങ്ങളാണ്.

ഒരു അഭിമുഖത്തിനിടെയാണ് താരം രജനീകാന്തിനൊപ്പം അരുണാചലത്തിൽ ഒന്നിച്ച് അഭിനയിച്ച അനുഭവം പങ്കുവച്ചത്. തന്നെ പറ്റിക്കാനായി രജനീകാന്തും അണിയറ പ്രവർത്തകരും ചേർന്ന് സെറ്റിലെ ലൈറ്റ് ഓഫ് ചെയ്തെന്നും ഒരാൾ തന്നെ പിന്നിൽ നിന്ന് തട്ടിവിളിച്ചെന്നുമാണ് രംഭ പറഞ്ഞത്. രജനി സാറാണ് ഇത് ചെയ്തതെന്ന് താൻ പിന്നീട് അറിഞ്ഞെന്നും രംഭ പറയുന്നുണ്ട്.

സൽമാൻ ഖാനൊപ്പം ബന്ധൻ എന്ന ചിത്രം ഷൂട്ട് ചെയ്യുന്നതിനൊപ്പമാണ് രജനീകാന്തിനൊപ്പമുള്ള അരുണാചലം ചെയ്യുന്നത്. ഒരു ദിവസം സൽമാനും ജാക്കി ഷറോഫും അരുണാചലത്തിന്റെ സെറ്റിൽ എത്തിയിരുന്നു. ഞാൻ അവരെ ആലിംഗനം ചെയ്തപ്പോൾ രജനി സാർ എന്നെ നോക്കുന്നുണ്ടായിരുന്നു. പിന്നീട് ഒരാൾ വന്ന് പറഞ്ഞു രജനി സാർ എന്നോട് ബുദ്ധിമുട്ടിലാണെന്ന്. ഞാൻ ആശ്ചര്യപ്പെട്ടുപോയി.

എന്താണ് സംഭവിച്ചതെന്ന് ഞാൻ രജനി സാറിനോട് ചോദിച്ചപ്പോൾ, തന്നോട് വളരെ ഫോർമലായി പെരുമാറിയിട്ട് നോർത്തിൽ നിന്ന് വന്ന നടന്മാരെ കെട്ടിപ്പിടിച്ചത് എന്തിനാണ് എന്നാണ് എന്നോട് ചോദിച്ചത്. അദ്ദേഹവും ടീമും എന്നെ കളിപ്പിച്ചതും എനിക്കോർമയുണ്ട്. അവർ ലൈറ്റ് ഓഫ് ചെയ്തതിനു ശേഷം അപ്രതീക്ഷിതമായി ആരോ എന്നെ പിന്നിൽ നിന്ന് തട്ടിവിളിച്ചു. ഞാൻ അലറിവിളിച്ചു. ലൈറ്റ് ഓൺ ചെയ്തതിനു ശേഷം ആരാണ് എന്നെ തോട്ടത് എന്ന ചർച്ചയുണ്ടായി. പിന്നീടാണ് രജനി സാറാണ് എന്നെ പ്രാങ്ക് ചെയ്തത് എന്ന് അറിയുന്നത്. - രംഭ പറഞ്ഞത്.

തന്റെ സഹതാരവുമായുള്ള ബന്ധത്തെക്കുറിച്ച് ചിരിയോടെയാണ രംഭ സംസാരിച്ചത്. എന്നാൽ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനങ്ങൾക്ക് വഴിയൊരുക്കുകയാണ് ഈ പരാമർശം. 40നു മുകളിൽ പ്രായമായ ഒരു നടൻ തന്റെ സിനിമയിലെ നായികയെ അനുവാദമില്ലാതെ സ്പർശിച്ചു എന്നത് എന്ത് വൃത്തികേടാണ് എന്നാണ് പലരും പറയുന്നത്. എന്നാൽ രജനീകാന്തുമായുണ്ടായ സൗഹൃദത്തെക്കുറിച്ചുള്ള രംഭയുടെ വാക്കുകൾ വളച്ചൊടിക്കുകയാണ് എന്നാണ് രജനി ആരാധകരുടെ വാദം.