തിരുവനന്തപുരം: ടി വി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം ഒരു സർക്കാർ ഉത്പന്നത്തെ അഭിനന്ദിച്ച് രമേഷ് പിഷാരടി. 'സുബീഷ് സുധിയുടെ സ്വകാര്യ സർക്കാർ ഉത്പന്നം ഗംഭീരം. സംവിധായകനും സഹതാരങ്ങളും എല്ലാവരും നന്നായി. ഈ ചിത്രം പൂർത്തിയാക്കി തിയേറ്ററിൽ എത്തിക്കും വരെയുള്ള സുബീഷിന്റെ ശ്രമങ്ങൾ എനിക്ക് നേരിട്ടറിയാം. റിലീസിന് തൊട്ടുമുമ്പുണ്ടായ നിസാമിക്കയുടെ വിയോഗം ഉൾപ്പടെ എല്ലാം. നിങ്ങൾ അനുഭവിച്ച പരിധികളും പരിമിതികളും സ്‌ക്രീനിൽ ഇല്ല. ചെറിയ ചിത്രമാണ് ഒട്ടും ബോറടിപ്പിച്ചില്ല. എന്ന് ഉപഭോക്താവ്', എന്നാണ് രമേഷ് പിഷാരടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ടി വി കൃഷ്ണൻ തുരുത്തി, രഞ്ജിത്ത് ജഗന്നാഥൻ, കെ.സി രഘുനാഥ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയത് നിസാം റാവുത്തർ ആണ്. ചിത്രം റിലീസിനൊരുങ്ങുന്ന രണ്ടു ദിവസം മുന്നെയാണ് നിസാമിന്റെ അപ്രതീക്ഷിത വിയോഗം. സുഭീഷ് സുധിയാണ് നായകൻ. അജു വർഗീസ്, ജാഫർ ഇടുക്കി, വിനീത് വാസുദേവൻ, ദർശന നായർ, ജോയ് മാത്യു, ലാൽ ജോസ്, വിജയ് ബാബു, ഹരീഷ് കണാരൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.