കൊച്ചി: ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിന് പിന്നാലെയാണ് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മയുടെ വിവാദ പരാമർശം. പുരസ്കാരത്തിന്റെ സ്ഥാപകനായ ദാദാസാഹേബ് ഫാൽക്കെയെ തനിക്ക് അറിയില്ലെന്നും, അദ്ദേഹത്തിന് മോഹൻലാൽ പുരസ്കാരം നൽകണമെന്നുമായിരുന്നു രാം ഗോപാൽ വർമ്മയുടെ എക്സ് പോസ്റ്റ്. ഈ വിഷയത്തിൽ പ്രതികരണവുമായി മോഹൻലാൽ രംഗത്തെത്തി.

‘എനിക്ക് ദാദാ സാഹേബ് ഫാല്‍ക്കേയെ കുറിച്ച് അറിയില്ല. അദ്ദേഹമാണ് ആദ്യമായി സിനിമ എടുത്തത് എന്നറിയാം. പക്ഷെ ആ സിനിമയോ ആ സിനിമ കണ്ട ആരെയെങ്കിലുമോ ഞാന്‍ കണ്ടിട്ടില്ല. പക്ഷെ, മോഹന്‍ലാലിനെ എനിക്കറിയാം. അതുവച്ച് നോക്കിയാല്‍ ദാദാ സാഹേബ് ഫാല്‍ക്കേയ്ക്ക് ഒരു 'മോഹന്‍ലാല്‍ അവാര്‍ഡ്' കൊടുക്കണം’ രാം ഗോപാൽ വർമ്മ എക്സില്‍ കുറിച്ചു.

'അദ്ദേഹം എപ്പോഴും നല്ല തമാശകൾ പറയുന്ന ആളല്ലേ. അതിനെ ഒരു ബ്ലാക്ക് ഹ്യൂമർ ആയിട്ട് മാത്രമേ ഞാൻ കാണുന്നുള്ളൂ. അദ്ദേഹവുമായി എനിക്ക് നല്ല സൗഹൃദമാണുള്ളത്. അദ്ദേഹത്തിന്റെ 'കമ്പനി' എന്ന വലിയ സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അന്നുമുതലേ അദ്ദേഹം ബ്ലാക്ക് ഹ്യൂമറിന്റെ ആളാണ്. അതിനാൽ, എല്ലാവരും പറയുന്നതിൽ നിന്ന് വ്യത്യസ്തമായി രാംഗോപാൽ വർമ്മ ചിന്തിച്ചു പറഞ്ഞു എന്നേയുള്ളൂ. അദ്ദേഹം ഇത് വളരെ സീരിയസ് ആയിട്ടൊന്നും പറഞ്ഞതായി ഞാൻ വിചാരിക്കുന്നില്ല,' എന്നാണ് രാം ഗോപാൽ വർമ്മയുടെ പോസ്റ്റിനെ കുറിച്ച് മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞത്.