- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹോളിവുഡ് സുന്ദരി ആട്ടിപ്പായിച്ചു, ക്വിന്റിൻ ടരന്റിനോ അശ്ലീല ആംഗ്യം കാട്ടി'; അൽ പാചിനോയ്ക്കായി കാത്തുനിന്നത് മൂന്ന് മണിക്കൂർ; 'ഫാൻബോയ്' അനുഭവങ്ങൾ പങ്കുവെച്ച് രൺബീർ കപൂർ

മുംബൈ: സിനിമയെന്നാൽ രൺബീർ കപൂറിന് വെറുമൊരു ജോലിയല്ല, അടങ്ങാത്ത ആവേശമാണ്. വെള്ളിത്തിരയിലെ സൂപ്പർതാരമായി തിളങ്ങുമ്പോഴും താനൊരു കടുത്ത സിനിമാപ്രേമിയാണെന്നും പ്രിയപ്പെട്ട താരങ്ങളെ കാണുമ്പോൾ സാധാരണ ആരാധകനെപ്പോലെ പെരുമാറാറുണ്ടെന്നും തുറന്നു പറയുകയാണ് രൺബീർ. ഏപ്രിൽ 2-ന് ലോസ് ആഞ്ജലിസിൽ നടന്ന ചടങ്ങിലാണ് തന്റെ കൗതുകകരമായ 'ഫാൻബോയ്' അനുഭവങ്ങൾ താരം പങ്കുവെച്ചത്.
ഹോളിവുഡ് സുന്ദരി നതാലി പോർട്ട്മാൻ തന്നെ ആട്ടിപ്പായിച്ചിട്ടുണ്ടെന്നും ലോകപ്രശസ്ത സംവിധായകൻ ക്വിന്റിൻ ടരന്റിനോ തനിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചിട്ടുണ്ടെന്നും രൺബീർ വെളിപ്പെടുത്തി. ലോകപ്രശസ്ത താരം ബിൽ മുറെയെ നേരിൽ കണ്ട അനുഭവവും അദ്ദേഹം ഓർത്തെടുത്തു.
"കഴിഞ്ഞ 35 വർഷമായി എല്ലാ ദിവസവും ഒരു സിനിമയെങ്കിലും ഞാൻ കാണാറുണ്ട്. ഇന്ത്യയിലെ താരങ്ങളെ മാത്രമല്ല, യാത്രകളിൽ വിദേശ താരങ്ങളെയും നേരിൽ കാണാൻ ഞാൻ ശ്രമിക്കാറുണ്ട്. വിദ്യാർത്ഥിയായിരുന്ന കാലത്ത് അൽ പാചിനോയെ ഒന്ന് കാണാൻ വേണ്ടി മൂന്ന് മണിക്കൂറോളമാണ് പുറത്ത് കാത്തുനിന്നത്. റോബർട്ട് ഡി നീറോയെ ഇന്ത്യയിൽ വെച്ച് കാണാൻ സാധിച്ചു. അവരെയെല്ലാം ഞാൻ അത്രമേൽ ആരാധിക്കുന്നു." - രൺബീർ പറഞ്ഞു.
തന്റെ വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'രാമായണ'യെക്കുറിച്ചും രൺബീർ പരിപാടിയിൽ മനസ്സ് തുറന്നു. ശ്രീരാമന്റെ വേഷം ചെയ്യുന്നത് വലിയൊരു ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്ന താരം, കോടിക്കണക്കിന് ആളുകൾ കാണുന്ന സിനിമയായതിനാൽ വലിയ ആദരവോടെയാണ് ഈ കഥാപാത്രത്തെ സമീപിക്കുന്നതെന്നും വ്യക്തമാക്കി. ഒരു നടൻ എന്ന നിലയിൽ തന്റെ ധർമ്മം സത്യസന്ധമായി ജോലി ചെയ്യുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സായി പല്ലവി സീതയായും, കെജിഎഫ് താരം യഷ് രാവണനായും എത്തുന്നു. സണ്ണി ഡിയോൾ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ് തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്. രണ്ടു ഭാഗങ്ങളിലായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


