മുംബൈ: ബോളിവുഡ് നടി കത്രീന കൈഫ്, നടൻ രൺബീർ കപൂറുമായുള്ള പ്രണയബന്ധം തകർന്നതിന് പിന്നാലെ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും തന്റെ സിനിമാ ജീവിതം തകർത്തത് ആ ബന്ധമാണെന്ന് വിശ്വസിച്ചിരുന്നുവെന്നും മാധ്യമപ്രവർത്തക പൂജ സമന്ത് വെളിപ്പെടുത്തി. സഹ്‌റ ജാനിയുമായുള്ള അഭിമുഖത്തിനിടെയാണ് പൂജ സമന്ത് ഈ നിർണായക വിവരങ്ങൾ പങ്കുവെച്ചത്.

കത്രീന കൈഫിന്റെ അഭിമുഖത്തിനായി വൈ.ആര്‍.എഫ് സ്റ്റുഡിയോയിലെത്തിയപ്പോൾ അവർ പൊട്ടിക്കരയുകയായിരുന്നുവെന്ന് പൂജ സമന്ത് ഓർമ്മിച്ചു. "ഞാനൊരു തെറ്റ് ചെയ്തു, എനിക്ക് സിനിമകൾ നഷ്ടമാകാന്‍ കാരണം ഞാന്‍ തന്നെയാണ്. അവനുമായി പ്രണയത്തിലാവുകയും പിന്നീട് പിരിയേണ്ടിയും വന്നു, ഇപ്പോള്‍ തങ്ങള്‍ ഒരുമിച്ചല്ല. അവൻ കാരണം ഞാൻ എന്റെ കരിയർ നശിപ്പിച്ചു" എന്ന് കത്രീന അന്ന് തങ്ങളോട് പറഞ്ഞതായും പൂജ വെളിപ്പെടുത്തി.

രണ്‍ബീറിനെ വിവാഹം കഴിക്കുന്നതിലൂടെ കപൂർ കുടുംബത്തിന്റെ ഭാഗമാവുകയും, ആ കുടുംബത്തിലെ മരുമക്കൾ സിനിമയിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് കത്രീന വിശ്വസിക്കുകയും ചെയ്തതാവാം അവരുടെ നിരാശയ്ക്ക് കാരണമെന്ന് പൂജ സമന്ത് നിരീക്ഷിച്ചു. അന്ന് അങ്ങനെയുള്ള ചിന്താഗതികൾ നിലവിലുണ്ടായിരുന്നെന്നും എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിയെന്നും പൂജ കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ കത്രീനക്ക് നിരവധി സിനിമകൾ നഷ്ടമായെന്നും അവർ കടുത്ത നിരാശയിലായിരുന്നെന്നും പൂജ വ്യക്തമാക്കി.

2021 ഡിസംബർ 9-ന് നടൻ വിക്കി കൗശലിനെ വിവാഹം കഴിച്ച കത്രീന കൈഫിന് അടുത്തിടെ ഒരു ആൺകുഞ്ഞ് പിറന്നിരുന്നു. രൺബീർ കപൂർ 2022 ഏപ്രിൽ 14-ന് ആലിയ ഭട്ടിനെ വിവാഹം ചെയ്യുകയും ചെയ്തിരുന്നു.