- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അഞ്ച് മാസം ഗര്ഭിണിയായിരിക്കെ കുഞ്ഞിനെ നഷ്ടമായി'; വേദന വളരെ വലുതായിരുന്നു; അപ്പോഴാണ് ആ കഥ ലഭിച്ചത്'; ആളുകൾ അത് അറിയണമെന്ന് തോന്നി; തുറന്ന് പറഞ്ഞ് റാണി മുഖർജി

മുംബൈ: അഞ്ച് മാസം ഗർഭിണിയായിരിക്കെ തന്റെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ട അനുഭവം വെളിപ്പെടുത്തി ബോളിവുഡ് നടി റാണി മുഖർജി. ജീവിതത്തിലെ ഏറ്റവും വലിയ വേദനയിലൂടെ കടന്നുപോയ ആ ഘട്ടത്തിലാണ് 'മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേ' എന്ന ചിത്രത്തിന്റെ തിരക്കഥ തനിക്ക് ലഭിച്ചതെന്നും, വ്യക്തിപരമായ നഷ്ടം കഥാപാത്രത്തെ ആഴത്തിൽ ഉൾക്കൊള്ളാൻ സഹായിച്ചുവെന്നും താരം പറഞ്ഞു.
"എന്റെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടമായ സമയത്താണ് ആ കഥ എന്നെ തേടി വരുന്നത്. ആ സമയത്ത് ഞാൻ അനുഭവിച്ചിരുന്ന നഷ്ടപ്പെടലിന്റെ വേദന വളരെ വലുതായിരുന്നു. അതിനാൽ ആ കഥ കേട്ടപ്പോൾ വളരെയധികം അടുപ്പം തോന്നി. ആളുകൾ ഈ കഥ അറിയണമെന്ന് തോന്നി," റാണി മുഖർജി ഓർത്തെടുത്തു. ഒരു കുഞ്ഞിനെ നഷ്ടപ്പെടുന്ന അമ്മയുടെ വേദന ദേബിക ചാറ്റർജി എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കാൻ ഇത് തനിക്ക് കരുത്തായെന്നും താരം കൂട്ടിച്ചേർത്തു.
അഷിമ ചിബ്ബർ സംവിധാനം ചെയ്ത 'മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേ' എന്ന ചിത്രം, നോർവീജിയൻ ഫോസ്റ്റർ കെയർ സംവിധാനത്തിനെതിരെ തന്റെ മക്കളുടെ കസ്റ്റഡിക്കായി പോരാടുന്ന ഒരമ്മയുടെ യഥാർത്ഥ കഥയാണ് പറയുന്നത്. മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നതിന്റെ യാഥാർത്ഥ്യങ്ങൾ ജനങ്ങളെ അറിയിക്കുവാനും, സ്വന്തം കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്ന അമ്മയുടെ അവസ്ഥ എന്തായിരിക്കുമെന്ന് കാണിച്ചുകൊടുക്കുവാനും താൻ ആഗ്രഹിച്ചുവെന്നും റാണി വ്യക്തമാക്കി. ഈ സിനിമ തനിക്ക് വെറുമൊരു അഭിനയം മാത്രമായിരുന്നില്ലെന്നും, വേർപിരിയലിന്റെ വേദന കൂടിയായിരുന്നുവെന്നും അവർ പറഞ്ഞു.
കഴിഞ്ഞ വർഷം 'മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേ'യിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരം റാണി മുഖർജിയെ തേടിയെത്തിയിരുന്നു. അടുത്തിടെ 'മർദാനി 3' എന്ന ചിത്രത്തിന്റെ റിലീസോടെ ചലച്ചിത്ര ജീവിതത്തിൽ 30 വർഷം പൂർത്തിയാക്കിയ റാണിക്ക് ഇത് ഒരു പ്രധാന നാഴികക്കല്ലാണ്.


