- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുപ്പത് വർഷമായി ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്നു, ഒരു തരത്തിലുള്ള വേർതിരിവും ഉണ്ടായിട്ടില്ല'; ബോളിവുഡ് മതേതരമായ ഇടം, യോഗ്യതയാണ് പ്രധാനം; എ.ആർ. റഹ്മാന് മറുപടിയുമായി റാണി മുഖർജി

മുംബൈ: ബോളിവുഡ് ഏറ്റവും മതേതരമായ ഇടമാണെന്നും ഇവിടെ ജാതിയുടെയോ മതത്തിന്റെയോ പേരിൽ വിവേചനങ്ങളില്ലെന്നും നടി റാണി മുഖർജി. വർഗീയപരമായ കാരണങ്ങളാൽ ഹിന്ദി ചലച്ചിത്ര മേഖലയിൽ അവസരങ്ങൾ കുറഞ്ഞുവെന്ന സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ ഉന്നയിച്ച പരാമർശം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് റാണിയുടെ പ്രതികരണം. ഡിഡി ന്യൂസിനോട് സംസാരിക്കവെയാണ് റാണി മുഖർജി തന്റെ നിലപാട് വ്യക്തമാക്കിയത്.
താൻ കണ്ടതിൽ വെച്ച് ഏറ്റവും മതേതരമായ ഇടം ബോളിവുഡ് ആണെന്ന് അവർ പറഞ്ഞു. കഴിഞ്ഞ മുപ്പത് വർഷമായി ഈ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ അത്തരമൊരു വേർതിരിവും തനിക്ക് അനുഭവപ്പെട്ടിട്ടില്ല. യോഗ്യതയാണ് ഇവിടെ പ്രധാനം. നിങ്ങളുടെ തൊഴിലാണ് നിങ്ങൾക്കുവേണ്ടി സംസാരിക്കുന്നത്. ആത്യന്തികമായി പ്രേക്ഷകരുമായി അടുക്കുന്നവർക്ക് ഇവിടെ അതിജീവിക്കാനും വിജയിക്കാനും സാധിക്കുമെന്നും റാണി കൂട്ടിച്ചേർത്തു. ഈ ഇൻഡസ്ട്രിയാണ് തന്നെ ഇന്നത്തെ നിലയിലെത്തിച്ചതെന്നും അവർ എടുത്തുപറഞ്ഞു.
കഴിഞ്ഞ എട്ട് വർഷമായി ഹിന്ദി ചലച്ചിത്ര മേഖലയിലെ മാറ്റങ്ങൾ കാരണം തനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നും, ഇതിൽ വർഗീയപരമായ കാരണങ്ങൾ ഉണ്ടാവാമെന്നും എ.ആർ. റഹ്മാൻ ബിബിസി ഏഷ്യൻ നെറ്റ്വർക്കിന് നൽകിയ അഭിമുഖത്തിലാണ് പരാമർശിച്ചത്. ഈ പരാമർശം വലിയ ചർച്ചകൾക്ക് വഴിതുറക്കുകയും നിരവധി പ്രശസ്തർ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുകയും ചെയ്തിരുന്നു.
വിദ്വേഷ ചർച്ചകൾക്ക് വഴിവെച്ചതോടെ റഹ്മാൻ തന്നെ പിന്നീട് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തന്റെ വാക്കുകൾ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും ഇന്ത്യയോടുള്ള സ്നേഹം തനിക്ക് വലുതാണെന്നും വീഡിയോ സന്ദേശത്തിലൂടെ റഹ്മാൻ വ്യക്തമാക്കി. ഇന്ത്യയിലെ ബഹുസ്വരതയും സാംസ്കാരിക പൈതൃകവുമാണ് തന്റെ സംഗീതത്തിന് പ്രചോദനമെന്നും, സംഗീതത്തിലൂടെ രാജ്യത്തെ ഉയർത്തുകയും സേവിക്കുകയുമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


