- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായിക നടക്കുമ്പോൾ ഇടുപ്പ് ഇളകരുത്, സെൻസർഷിപ്പ് ഒരു അബദ്ധവും തട്ടിപ്പും; ഇതൊക്കെ സർക്കാരിന്റെ താൽപ്പര്യങ്ങൾക്ക് അനുസരിച്ചാണ്; മണ്ടൻ നിർദ്ദേശങ്ങൾക്കെതിരെ പോരാടണമെന്നും രഞ്ജി പണിക്കർ
കോട്ടയം: സിനിമാ സെൻസർഷിപ്പ് ഒരു 'അബദ്ധവും തട്ടിപ്പ് പരിപാടിയുമാണെന്ന്' പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കർ. സർക്കാരിന്റെ താൽപ്പര്യങ്ങൾ അനുസരിച്ചാണ് സിനിമകൾ സെൻസർ ചെയ്യപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു. മനോരമയുടെ ഹോർത്തൂസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു രഞ്ജി പണിക്കർ.
ഇന്ത്യയിൽ സിനിമകൾക്ക് സെൻസർഷിപ്പ് വേണമെന്ന് പറയുന്നത് ഏറ്റവും വലിയ അബദ്ധമാണെന്ന് രഞ്ജി പണിക്കർ പറഞ്ഞു. അതാത് കാലത്തെ രാഷ്ട്രീയ പാർട്ടികൾക്ക് താൽപ്പര്യമുള്ള ആളുകളെ വെച്ചാണ് സെൻസർഷിപ്പ് നടപ്പാക്കുന്നത്. ഇത് ബിജെപിയുടെ കാലത്ത് തുടങ്ങിയതല്ലെന്നും കോൺഗ്രസ് ഭരണകാലത്തും സമാനമായ രീതികൾ നിലവിലുണ്ടായിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരികൾക്ക് താൽപ്പര്യമുള്ളവരെ നിയമിച്ച്, തങ്ങൾക്കിഷ്ടമില്ലാത്തവയെ സെൻസർ ചെയ്യുന്ന ഈ സംവിധാനം ഒരു വലിയ തട്ടിപ്പ് മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു.
ഇന്നത്തെ കാലത്ത് സെൻസർ ചെയ്യാത്ത സിനിമകൾ യൂട്യൂബിൽ ലഭ്യമാകുമ്പോൾ സെൻസർ ബോർഡിന്റെ പ്രസക്തിയെ രഞ്ജി പണിക്കർ ചോദ്യം ചെയ്തു. കുറച്ചാളുകൾക്ക് പണം നൽകി, സ്വന്തം കാശും മുടക്കി സിനിമകൾ സെൻസർ ചെയ്യുന്നത് ഒരു വഴിപാട് മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ എല്ലാ സിനിമകളും പ്രേക്ഷകരിലേക്ക് എത്തിക്കാൻ വലിയ പോരാട്ടം നടത്തേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. താൻ എഴുതിയ ഒരു സിനിമയിലും അമ്പത് വെട്ടുകൾ ഇല്ലാതെ പൂർത്തിയാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ 'ദി കിങ്' എന്ന സിനിമയുടെ സെൻസർ സമയത്തെ അനുഭവം ഉദാഹരണമായി രഞ്ജി പണിക്കർ ചൂണ്ടിക്കാട്ടി. നായിക നടക്കുമ്പോൾ ഇടുപ്പ് ഇളകുന്നത് അനുവദനീയമല്ലെന്ന് അന്ന് സെൻസർ ബോർഡ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതായി അദ്ദേഹം ഓർമ്മിച്ചു. ഇത് ലോകത്ത് ഏത് സ്ത്രീയും പുരുഷനും നടക്കുന്ന സ്വാഭാവികമായ ശാരീരിക ചലനമാണെന്നും, ഇളകാതെ എങ്ങനെയാണ് നടക്കാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. കാലാകാലങ്ങളുണ്ടാകുന്ന ഇത്തരം മണ്ടൻ മാർഗ്ഗനിർദ്ദേശങ്ങൾക്കെതിരെ പോരാടണമെന്നും, ജനാധിപത്യ സംവിധാനത്തിൽ കോടതിയെ സമീപിക്കാനുള്ള അവസരം ഇപ്പോഴുമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.




