കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കർ. കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കുകയും മറ്റ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നാണ് തന്റെ വിശ്വാസമെന്ന് രൺജി പണിക്കർ വ്യക്തമാക്കി. "ദിലീപ് കുറ്റവാളി അല്ല എന്നാണ് കോടതി പറഞ്ഞത്. വിധി എതിരായാൽ ഒരു ഭാഗത്തുള്ളവർക്ക് ആക്ഷേപം ഉണ്ടാകുന്നത് സ്വാഭാവികമാണ്," അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചനയുണ്ട് എന്ന് ദിലീപ് മുൻപ് പറഞ്ഞത് ചൂണ്ടിക്കാട്ടിയ രൺജി പണിക്കർ, "കുറ്റവാളി അല്ലാതെ ശിക്ഷിക്കപ്പെട്ടു എന്ന വികാരം ദിലീപിന് ഉണ്ടായാൽ എന്താണ് തെറ്റ്?" എന്നും ചോദിച്ചു. രാജ്യത്ത് പോലീസുകാർ കള്ളത്തെളിവുകൾ ഉണ്ടാക്കിയ സംഭവങ്ങൾ ഉണ്ടായിട്ടില്ലേ എന്നും അദ്ദേഹം ചോദ്യമുയർത്തി.

മാധ്യമങ്ങൾ ഒരു അജണ്ടയോടെയാണ് പ്രവർത്തിക്കുന്നത്. അവർ കെട്ടിപ്പൊക്കുന്ന കാര്യങ്ങൾ സാധൂകരിക്കാൻ എന്തും ചെയ്യും. ഈ കേസിൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. ഒന്നാം പ്രതി പൾസർ സുനി അടക്കമുള്ള ആറ് പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞു.

ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങൾ ദിലീപിനെതിരെ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ് കോടതി കുറ്റവിമുക്തനാക്കിയത്. ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ തിരിച്ചെടുക്കാൻ സിനിമാ സംഘടനകൾക്ക് അവകാശമുണ്ടെന്നും, കോടതി കണ്ടെത്തുന്ന സത്യമാണ് അന്തിമമായ സത്യമെന്നും രൺജി പണിക്കർ കൂട്ടിച്ചേർത്തു. വിധിക്കെതിരെ അപ്പീൽ പോകാൻ സർക്കാരിന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.