- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ വീട്ടിൽ അങ്ങനെ നടക്കുന്നില്ല, അതൊരു വിഡ്ഢിത്തമാണ്'; 'കേരള സ്റ്റോറി 2'-വിനെതിരെ തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

കൊച്ചി: റിലീസിന് മുൻപേ വിവാദങ്ങൾ വിട്ടൊഴിയാത്ത 'കേരള സ്റ്റോറി 2'-വിനെതിരെ രൂക്ഷവിമർശനവുമായി അവതാരക രഞ്ജിനി ഹരിദാസ്. കേരളത്തിൽ അത്തരം കാര്യങ്ങൾ നടക്കുന്നുണ്ടോ ഇല്ലയോ എന്ന് തനിക്കറിയില്ലെന്നും എന്നാൽ തന്റെ വീട്ടിൽ അങ്ങനെ സംഭവിക്കുന്നില്ലെന്നും രഞ്ജിനി പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് താരം നിലപാട് വ്യക്തമാക്കിയത്. "എനിക്ക് തോന്നുന്നത് അതൊരു വിഡ്ഢിത്തം ആണെന്നാണ്," രഞ്ജിനി കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ പ്രദർശനാനുമതി തടയണമെന്നും സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെ, സിനിമ നാളെ കാണുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് നിരീക്ഷിച്ച കോടതി, സിനിമ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന അവകാശവാദം ശരിയല്ലെന്നും ചൂണ്ടിക്കാട്ടി.
ദേശീയ അവാർഡ് ജേതാവ് കാമാഖ്യ നാരായണ സിങ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 27-ന് തിയറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. സുദീപ്തോ സെൻ സംവിധാനം ചെയ്ത ആദ്യ ഭാഗവും വലിയ പ്രതിഷേധങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവെച്ചിരുന്നു.
രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ചിത്രം 'ബുൾഷിറ്റ് പ്രൊപ്പഗാണ്ട' ആണെന്നാണ് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് വിശേഷിപ്പിച്ചത്. ഫെബ്രുവരി 27-നാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.


