തൃശ്ശൂർ: റാപ്പർ വേടൻ (ഹിരൺദാസ് മുരളി) വിവാഹിതനായി. എഴുത്തുകാരിയും ദീർഘകാല സുഹൃത്തുമായ നവമിലതയാണ് വധു. തൃശ്ശൂരിലെ വേടന്റെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചെമ്പുക്കാവ് സബ് രജിസ്ട്രാർ വീട്ടിലെത്തിയാണ് വിവാഹ നടപടികൾ പൂർത്തിയാക്കിയത്.

ഭരണഘടന സാക്ഷിയാക്കി തികച്ചും ലളിതമായ രീതിയിലായിരുന്നു വിവാഹം. നീല സാരിയായിരുന്നു നവമിയുടെ വേഷം. കറുപ്പ് കുർത്തയും മുണ്ടുമാണ് വേടൻ ധരിച്ചത്. തൃശ്ശൂർ പെരിങ്ങണ്ടൂർ സ്വദേശിയാണ് വേടൻ. മലപ്പുറം മഞ്ചേരി സ്വദേശിനിയായ നവമിലതയും വേടനും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് മുന്നോടിയായി നടന്ന ബാച്ചിലർ പാർട്ടിയുടെ ചിത്രങ്ങൾ നവമി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

കഴിഞ്ഞ ദിവസം കണ്ണൂരിൽ സർക്കാർ സംഘടിപ്പിച്ച 'ഹാപ്പിനെസ് ഫെസ്റ്റിവലിനിടെയാണ്' വേടൻ തന്റെ വിവാഹവാർത്ത ഔദ്യോഗികമായി അറിയിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വേദിയിൽ വെച്ച് വേടനെ പൊന്നാട അണിയിച്ച് അഭിനന്ദിച്ചിരുന്നു. പ്രസംഗത്തിനിടെ അദ്ദേഹം തന്നെയാണ് വേടൻ വിവാഹിതനാകാൻ പോകുന്ന വിവരം ആദ്യം പങ്കുവെച്ചത്. പിന്നാലെ മറുപടി പ്രസംഗത്തിൽ താൻ 24-ാം തീയതി രജിസ്റ്റർ വിവാഹം കഴിക്കുകയാണെന്ന് വേടൻ സ്ഥിരീകരിക്കുകയായിരുന്നു.

ഏതാനും മാസങ്ങൾക്ക് മുൻപ് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാൻ വേടൻ എത്തിയപ്പോൾ നവമിലതയും ഒപ്പമുണ്ടായിരുന്നു. അന്ന് വേടനൊപ്പമുള്ള ചിത്രം പങ്കുവെച്ച് 'പൊണ്ടാട്ടി' എന്ന് നവമി കുറിച്ചത് ശ്രദ്ധേയമായിരുന്നു. വിവാഹത്തിന് ശേഷം വൈകിട്ട് പൂമലയിലെ റിസോർട്ടിൽ വെച്ച് അടുത്ത സുഹൃത്തുക്കൾക്കായി വിരുന്ന് ഒരുക്കിയിട്ടുണ്ട്.