മുംബൈ: സിനിമകളിൽ സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുന്നതിനെതിരെ ശക്തമായ നിലപാടുമായി നടി റാഷി ഖന്ന. തെന്നിന്ത്യൻ ചിത്രങ്ങളിൽ മാത്രമല്ല, വടക്കേ ഇന്ത്യൻ ചിത്രങ്ങളിലും സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുന്നത് വ്യാപകമായി കാണാറുണ്ടെന്ന് അവർ പറഞ്ഞു. സൂമിന് നൽകിയ അഭിമുഖത്തിലാണ് റാഷി ഖന്ന ഈ പ്രതികരണം നടത്തിയത്. തന്റെ കഥാപാത്രത്തെ പരിധിവിട്ട് മോശമായി ചിത്രീകരിക്കുന്നുവെന്ന് തോന്നിയാൽ ആ സിനിമ നിരസിക്കാൻ മടിക്കില്ലെന്നും നടി വ്യക്തമാക്കി.

സിനിമ വ്യവസായത്തിലെ ഈ പ്രവണത തെന്നിന്ത്യൻ ചിത്രങ്ങളിൽ മാത്രമുള്ളതല്ലെന്നും, വടക്കേ ഇന്ത്യൻ സിനിമകളിലും ധാരാളമായി കണ്ടിട്ടുള്ള ഒന്നാണെന്നും റാഷി ഖന്ന വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ ഓരോ അഭിനേതാവിന്റെയും തിരഞ്ഞെടുപ്പിനെ ആശ്രയിച്ചിരിക്കും. ചില താരങ്ങൾക്ക് ഇത്തരം ചിത്രീകരണങ്ങളിൽ ബുദ്ധിമുട്ടുണ്ടാകില്ല, എന്നാൽ മറ്റുചിലർക്ക് അത് അംഗീകരിക്കാൻ കഴിഞ്ഞെന്ന് വരില്ല. താൻ തെന്നിന്ത്യയിൽ നിരവധി വാണിജ്യ സിനിമകളുടെ ഭാഗമായിട്ടുണ്ടെന്നും എന്നാൽ ഹിന്ദിയിൽ കൂടുതൽ ഉള്ളടക്കമുള്ള ചിത്രങ്ങൾ ചെയ്യാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നതെന്നും റാഷി ഖന്ന കൂട്ടിച്ചേർത്തു. വാണിജ്യ സിനിമകൾ ചെയ്യുന്നതിൽ എതിർപ്പില്ലെങ്കിലും, തനിക്കുമൊരു പരിധിയുണ്ടെന്നും ഓരോ അഭിനേതാവിനും അവരുടേതായ പരിമിതികളുണ്ടെന്നും അത് അവരെ നിർവചിക്കുന്നുവെന്നും റാഷി ഖന്ന ചൂണ്ടിക്കാട്ടി.

"ഞാൻ ചെയ്യുന്ന കാര്യത്തിൽ സംതൃപ്തിയുണ്ടാവുക എന്നത് വളരെ പ്രധാനമാണ്. പരിധിവിട്ട് എന്നെ മോശമായി ചിത്രീകരിക്കുന്നുവെന്ന് തോന്നിയാൽ, ഞാൻ 'നോ' പറയും," നടി ഉറപ്പിച്ചു പറഞ്ഞു. ഓരോ അഭിനേതാവിനും അവരുടേതായ കംഫർട്ട് സോൺ ഉണ്ടെന്നും അതിനെ താൻ ആരെയും വിധിക്കാറില്ലെന്നും അവർ കൂട്ടിച്ചേർത്തു. റാഷി ഖന്നയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ഫർഹാൻ അക്തർ നായകനായ '120 ബഹാദൂർ' ആണ്. ഈ ചിത്രത്തിൽ ഫർഹാൻ അക്തറിന്റെ ഭാര്യ കഥാപാത്രത്തെയാണ് റാഷി അവതരിപ്പിച്ചത്. തീയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ച ഈ ചിത്രം ഇതുവരെ ഏകദേശം 15 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്.