- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബെഡ്‌റൂം തുറക്കുമ്പോൾ അല്ലല്ലോ അത് കണ്ടത്'; അദ്ദേഹം ഒരു ആർട്ടിസ്റ്റാണ്, അത് തൊഴിലിന്റെ ഭാഗമാണ്; ഭർത്താവിന്റെ ഇൻ്റിമേറ്റ് രംഗങ്ങളെക്കുറിച്ചുള്ള വിമർശകർക്ക് മറുപടിയുമായി രശ്മി ബോബൻ

കൊച്ചി: ഭർത്താവും സംവിധായകനുമായ ബോബൻ സാമുവൽ അഭിനയിച്ച സിനിമകളിലെ ഇൻ്റിമേറ്റ് രംഗങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ തന്റെ നിലപാട് വ്യക്തമാക്കി നടി രശ്മി ബോബൻ. ഒരു കലാകാരനെന്ന നിലയിൽ അത് അദ്ദേഹത്തിൻ്റെ തൊഴിലിൻ്റെ ഭാഗമാണെന്നും, വ്യക്തിപരമായ ഇടത്തിൽ നിന്നല്ല താൻ അതിനെ കാണുന്നതെന്നും രശ്മി പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് രശ്മി ഈ വിഷയത്തിൽ വീണ്ടും പ്രതികരിച്ചത്.
മുൻപ് ഭർത്താവ് അത്തരം രംഗങ്ങളിൽ അഭിനയിക്കുന്നതിൽ തെറ്റില്ലെന്ന് രശ്മി ബോബൻ പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. "അദ്ദേഹം അങ്ങനെയൊരു രംഗം ചെയ്തപ്പോൾ ചിലർ ചോദിച്ചിരുന്നു, രശ്മി എങ്ങനെയാണ് അത് കണ്ടുനിൽക്കുന്നത് എന്ന്. ഞാൻ എന്റെ വീടിന്റെ ബെഡ്‌റൂം തുറക്കുമ്പോൾ അല്ലല്ലോ അത് കണ്ടത്. അദ്ദേഹം ഒരു ആർട്ടിസ്റ്റാണ്. അതൊരു കഥാപാത്രമാണ്. ആ കഥ ഡിമാൻഡ് ചെയ്യുന്നതുകൊണ്ടാണ് അത് ചെയ്തത്. അത്രയേയുള്ളൂ," രശ്മി വ്യക്തമാക്കി.
മിനിസ്‌ക്രീനിലെ അവതാരകയായി കരിയർ ആരംഭിച്ച് പിന്നീട് സീരിയലുകളിലും സിനിമകളിലും സജീവമായ താരമാണ് രശ്മി ബോബൻ. 'മനസിനക്കരെ', 'അച്ചുവിന്റെ അമ്മ', 'പോക്കിരിരാജ', 'ബാബാ കല്ല്യാണി', 'റെഡ് ചില്ലീസ്' തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അവർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും രശ്മിക്ക് വലിയ ആരാധകവൃന്ദമുണ്ട്.
രശ്മിയെപ്പോലെ തന്നെ മലയാളികൾക്ക് സുപരിചിതനാണ് അവരുടെ ഭർത്താവും പ്രശസ്ത സംവിധായകനുമായ ബോബൻ സാമുവൽ. ഒരു പരമ്പരയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനിടെയാണ് രശ്മിയും ബോബനും പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തത്. തങ്ങളുടേത് പ്രണയവിവാഹമായിരുന്നുവെന്നും, തുടക്കത്തിൽ ചിലർ ഈ ബന്ധത്തെ എതിർത്തിരുന്നുവെന്നും രശ്മി പങ്കുവെച്ചു. "നിനക്ക് പറ്റിയ ആളല്ല എന്ന് എന്നോട് ചിലർ പറഞ്ഞിട്ടുണ്ട്. ഇതേ ആളുകൾ തന്നെ, ഞങ്ങളുടെ കല്യാണം കഴിഞ്ഞതിനു ശേഷം, എന്തു ചേർച്ചയാ മക്കളേ എന്നും പറഞ്ഞിട്ടുണ്ട്," രശ്മി കൂട്ടിച്ചേർത്തു.


