മുംബൈ: നടനും ബിജെപി എംപിയുമായ രവി കിഷൻ തന്റെ പിതാവാണെന്ന് പറഞ്ഞ് നടി ഷിന്നോവ. നേരത്തെ ആരോപണവുമായി അപർണ താക്കൂർ എന്ന സ്ത്രീ രംഗത്ത് വന്നിരുന്നു. താൻ രവി കിഷന്റെ ഭാര്യയാണെന്നും മകളുടെ പിതൃത്വം നിഷേധിക്കുന്നുവെന്നുമാണ് അപർണ പറഞ്ഞത്. ഈ സംഭവത്തിന് തൊട്ടുപിന്നാലെ അപർണയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് മകൾ ഷിന്നോവ. തങ്ങൾ ഡി.എൻ.എ ടെസ്റ്റിന് തയ്യാറാണെന്നും നടി കൂടിയായ ഷിന്നോവ പറഞ്ഞു.

ഡി.എൻ.എ ടെസ്റ്റ് നടത്തുന്നതിനായി ബോംബൈ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അവർ സാമൂഹിക മാധ്യമങ്ങളിൽ ഒരു വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.

"ബഹുമാനപ്പെട്ട യോഗിജി (യോഗി ആദിത്യനാഥ്). ഞാൻ നടനും എംപിയുമായ രവി കിഷന്റെ മകളാണ്. എനിക്കും എന്റെ അമ്മയ്ക്കും കുറച്ച് സമയം താങ്കൾ അനുവദിക്കുകയാണെങ്കിൽ എല്ലാ തെളിവുകളുമായി ഞാൻ വരാം. അതിന് ശേഷം താങ്കൾക്ക് എന്തു വേണമെങ്കിലും തീരുമാനിക്കാം"- ഷിന്നോവ പറഞ്ഞു.

എന്നാൽ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് രവി കിഷൻ. പണം തട്ടിയെടുക്കാനുള്ള അടവാണ് ഇതെന്നും ബലാത്സംഗത്തിന് പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. ഇരുപത് കോടിയാണ് അപർണ ആവശ്യപ്പെട്ടതെന്നും രവി കിഷന്റെ അഭിഭാഷകർ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഖൊരക്പൂരിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി കൂടിയാണ് രവി കിഷൻ.