മുംബൈ: ആദ്യ ഭാര്യ റീന ദത്തയിൽ നിന്ന് തല്ലു കിട്ടിയതിനെക്കുറിച്ച് ആമിർ ഖാൻ. നെറ്റ്ഫ്‌ളിക്‌സ് അവതരിപ്പിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു നടനെന്ന നിലയിൽ ആളുകളുടെ പെരുമാറ്റം നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ എന്ന അവതാരകൻ കപിൽ ശർമയുടെ ചോദ്യത്തിനായിരുന്നു ലേബർ റൂമിൽ നിന്നുള്ള സംഭവം വെളിപ്പെടുത്തിയത്. വിചിത്രമായ സാഹചര്യങ്ങളിൽ താൻ അത് നിരീക്ഷിക്കുകയും ശ്രദ്ധിക്കുകയും ചെയ്യാറുണ്ട് എന്നാണ് ആമിർ പറഞ്ഞത്. പിന്നാലെയാണ് ഭാര്യയുടെ പ്രസവ സമയത്തെ പെരുമാറ്റത്തെ കുറിച്ച് നടൻ പറഞ്ഞത്.

'മകൻ ജുനൈദ് ജനിക്കാൻ പോകുന്ന ദിവസമായിരുന്നു അത്. ഞങ്ങൾ ആശുപത്രിയിലായിരുന്നു. റീനക്ക് പ്രസവവേദന തുടങ്ങി. ആ സമയത്ത് ഒരു നല്ല ഭർത്താവെന്ന നിലയിൽ, ഞാൻ ചില ശ്വസന വ്യായാമങ്ങൾ പറഞ്ഞുകൊടുത്തു. പ്രസവവേദന കടുത്തപ്പോൾ ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ആ സമയത്ത് വേദനകൊണ്ട് എന്നെ റീന തല്ലി.

പിന്നീടാണ് എനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് മനസിലായത്. അപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്, അതിയായ വേദനയുണ്ടാവുമ്പോൾ ഒരാൾക്ക് ഉണ്ടാകുന്ന ഭാവമാറ്റത്തെക്കുറിച്ച്. അതുവരെയുള്ള എന്റെ ധാരണ, അതിയായ വേദന അനുഭവപ്പെടുമ്പോൾ മുഖം വേദനയാൽ ചുരുങ്ങുമെന്ന് . പക്ഷേ അത് അങ്ങനെയല്ല, വേദന കലശലാകുമ്പോൾ, ഭാവം അതിശയിപ്പിക്കുന്നതാണ്. ആ സമയത്ത് റീനക്ക് വേദന ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇതാണ് ഒരു നടനെന്ന നിലയിൽ ഞാൻ ശ്രദ്ധിച്ചത്. പിന്നീട് ജുനൈദിനൊപ്പം വീട്ടിലെത്തിയ റീനയോട് ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു. അവൾ എന്നോട് ദേഷ്യപ്പെട്ടു'- ആമിർ ഖാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

1986 ആണ് ആമിർ ഖാനും റീന ദത്തയും വിവാഹിതരാവുന്നത്. 16 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും 2002ൽ വേർപിരിഞ്ഞു. ഇവർക്ക് ജുനൈദ് ഖാൻ, ഇറാ ഖാൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ആമിർ പിന്നീട് സംവിധായകയായ കിരൺ റാവുവിനെ വിവാഹം കഴിച്ചു , അദ്ദേഹത്തിൽ ആസാദ് റാവു ഖാൻ എന്നൊരു മകനുണ്ടായിരുന്നു. 2021 ൽ ഇരുവരും വിവാഹമോചനം നേടി.