കൊച്ചി: മലയാളികൾക്ക് ഏറെ സുപരിചിതനായ ടെലിവിഷൻ താരം റെയ്ജൻ രാജൻ നാല് വർഷമായി ഒരു സഹപ്രവർത്തകയിൽ നിന്നും മാനസികമായും ശാരീരികമായും ദുരനുഭവം നേരിടുന്നതായി വെളിപ്പെടുത്തൽ. "ഇഷ്ടം' എന്ന ഏഷ്യാനെറ്റ് പരമ്പരയിലെ റെയ്ജൻ്റെ നായികയായ മൃദുല വിജയ് ആണ് സഹപ്രവർത്തകൻ്റെ ദുരവസ്ഥ തുറന്നുപറഞ്ഞത്. പരമ്പരയുടെ ലൊക്കേഷനിൽ പതിവായി വരാറുള്ള ഒരു ജൂനിയർ ആർട്ടിസ്റ്റ് ആണ് റെയ്ജൻ രാജന് നേരെ മോശം സന്ദേശങ്ങൾ അയക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നതെന്ന് മൃദുല വിജയ് വെളിപ്പെടുത്തി.

കഴിഞ്ഞ മൂന്ന് വർഷമായി ഇത് തുടരുകയാണ്. പല ഫോൺ നമ്പറുകളിൽ നിന്നായി വിളിച്ച് ശല്യപ്പെടുത്തുകയും പിന്നീട് നേരിട്ട് വന്ന് മാപ്പ് പറയുകയും വീണ്ടും ലൈംഗികച്ചുവയോടെയുള്ള സന്ദേശങ്ങൾ അയക്കുകയും ചെയ്തതായും മൃദുല പറഞ്ഞു. ഇത്രയും കാലം റെയ്ജൻ രാജൻ ഇതിനോട് പ്രതികരിക്കാതിരുന്നത് നിയമപരമായ കാര്യങ്ങൾ മുൻനിർത്തിയാണ്. ഒരു സ്ത്രീക്കെതിരെ എന്തെങ്കിലും നടപടി ഉണ്ടായാൽ അവൾക്ക് പിന്തുണ നൽകാൻ ഒരുപാട് ആളുകളുണ്ടാകുമെന്നും എന്നാൽ ഒരു പുരുഷൻ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പിന്തുണ ലഭിക്കാൻ സാധ്യത കുറവാണെന്നും മൃദുല ചൂണ്ടിക്കാട്ടി.

ക്ഷമ നശിച്ച് കഴിഞ്ഞ ദിവസമാണ് റെയ്ജൻ രാജൻ ഇതിനെതിരെ പ്രതികരിച്ചു തുടങ്ങിയത്. ഇതിന് പിന്നാലെ, താൻ ഒന്നും ചെയ്തിട്ടില്ലെന്നും ആവശ്യമില്ലാതെ പേര് വലിച്ചിഴയ്ക്കുകയാണെന്നും പറഞ്ഞുകൊണ്ട് അക്രമിയുടെ ഭാഗത്തുനിന്നും പ്രതികരണമുണ്ടായി. നീ എന്നെ മൈന്റ് ചെയ്തില്ലെങ്കിൽ നിന്റെ തലയിൽ ബിയർ കുപ്പി അടിച്ച് പൊട്ടിക്കുമെന്നു പറഞ്ഞ് ഭീഷണിയും ഉണ്ടായി.

രണ്ട് തവണ നേരിട്ട് ഈ പ്രശ്നങ്ങൾക്ക് സാക്ഷിയായതായും മൃദുല വിജയ് പറയുന്നു. ഒരിക്കൽ ലൊക്കേഷനിൽ വെച്ച് റെയ്ജൻ രാജനോട് സംസാരിക്കാനെത്തിയ സ്ത്രീ, അദ്ദേഹം എഴുന്നേറ്റ് പോയപ്പോൾ ഷർട്ട് പിടിച്ച് വലിച്ചിരുന്നു. അടുത്ത സംഭവം അടുത്തകാലത്തായിരുന്നു. ലൊക്കേഷനിൽ പ്രവേശിക്കാൻ അനുവാദമില്ലെന്ന് അറിയാവുന്നതുകൊണ്ട് പർദ്ദയിട്ടാണ് ഇവർ എത്തിയത്. ഷൂട്ടിൽ ആയിരുന്ന റെയ്ജൻ്റെ അടുത്തേക്ക് ചെന്ന് ചോക്ലേറ്റ് നൽകാൻ ശ്രമിച്ചെങ്കിലും റെയ്ജന് കാര്യം മനസ്സിലായി. ഇപ്പോൾ അദ്ദേഹത്തെ പിന്തുണയ്ക്കാനാണ് ഈ വീഡിയോ ഇടുന്നതെന്നും മൃദുല വീഡിയോയിൽ പറഞ്ഞു.