- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കിടക്കുമ്പോളാണ് ആ മെസേജ് കണ്ടത്, കണ്ടപാടേ ഉറക്കം പോയി'; വീണ്ടും വീണ്ടും മോശമാവുകയാണ്; അത് അയച്ചവനെ ഒരു പാഠം പഠിപ്പിക്കണം; അശ്ലീല കമന്റിനെ കുറിച്ച് റെന ഫാത്തിമ

കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ വന്ന അശ്ലീല കമന്റിനെതിരെ പ്രതികരിച്ച് വ്ളോഗറും ബിഗ് ബോസ് സീസൺ 7 മൽസരാർത്ഥിയുമായ റെന ഫാത്തിമ. സൈബർ സെല്ലിൽ പരാതി നൽകിയെന്ന് അറിയിച്ച റെന, സൈബർ ബുള്ളിയിങ്ങിനെതിരെ മിണ്ടാതിരിക്കരുതെന്നും ശബ്ദമുയർത്തണമെന്നും ആഹ്വാനം ചെയ്തു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് റെന ഫാത്തിമ തന്റെ അനുഭവം വെളിപ്പെടുത്തിയത്.
"ഉറങ്ങാൻ പോകുന്നതിനു മുൻപു കണ്ട മെസേജ് ആണ്. ഇതു കണ്ടപാടേ ആ ഉറക്കം പോയി. കാര്യങ്ങൾ ഒന്നു മെച്ചപ്പെട്ടു വരുന്നു എന്നാണ് ഞാൻ കരുതിയത്. എന്നാൽ അങ്ങനെയല്ല, വീണ്ടും വീണ്ടും മോശമാവുകയാണ്," റെന പറഞ്ഞു. തനിക്ക് ഒരു സമാധാനം ലഭിക്കാനും അയച്ചവരെ ഒരു പാഠം പഠിപ്പിക്കാനുമായി ഉടൻതന്നെ സൈബർ സെല്ലിൽ പരാതി നൽകിയെന്നും അവർ വ്യക്തമാക്കി. മുൻപും സമാനമായ സംഭവങ്ങളിൽ പരാതി നൽകിയിട്ടുണ്ടെന്നും, അത്തരം കേസുകളിൽ പോലീസ് പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും റെന വെളിപ്പെടുത്തി. ഇക്കാര്യത്തിൽ കേരള പോലീസിനെ പൂർണ്ണമായി വിശ്വസിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ഒരു തവണ പരാതി നൽകിയാൽ അത് കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടിയാണെന്ന് പലരും തെറ്റിദ്ധരിച്ചേക്കാമെന്ന് പറഞ്ഞ റെന, എത്ര വൃത്തികെട്ട മെസേജുകളും കമന്റുകളും ലഭിച്ചാലും താൻ പരാതി നൽകുന്നത് തുടരുമെന്നും കുറ്റവാളികളെ കണ്ടെത്താൻ ശ്രമിക്കുമെന്നും ഊന്നിപ്പറഞ്ഞു. "നമ്മുടെ നാട് ഇങ്ങനെയാണ്. നമുക്ക് ഇത് സഹിച്ചിരിക്കാം എന്ന് പറഞ്ഞ് ഇതുപോലുള്ള സൈബർ ബുള്ളിയിങ്ങിനെതിരെ മിണ്ടാതിരിക്കരുത്. നമ്മൾ മിണ്ടാതിരിക്കുന്നത് കൊണ്ടാണ് ഇവർ വീണ്ടും ഇത് ആവർത്തിക്കുന്നത്. നമ്മൾ ശബ്ദം ഉയർത്തണം," റെന തന്റെ വീഡിയോയിലൂടെ അഭ്യർത്ഥിച്ചു.
19 വയസ്സുകാരിയായ റെന ഫാത്തിമ ബിഗ് ബോസ് സീസൺ 7-ലെ ഏറ്റവും പ്രായം കുറഞ്ഞ മൽസരാർത്ഥിയായിരുന്നു. കോഴിക്കോട് സ്വദേശിയായ റെന എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു റിയാക്ഷൻ വീഡിയോ ചെയ്യുന്നത്. ഈ വീഡിയോ അപ്രതീക്ഷിതമായി തരംഗമായതിനെത്തുടർന്ന് യൂട്യൂബിൽ സജീവമാകുകയായിരുന്നു. ഫാഷൻ വ്‌ളോഗുകളും ഡെയ്‍ലി വ്‌ളോഗുകളും ചെയ്യുന്നതിനിടയിലാണ് റെനയ്ക്ക് ബിഗ് ബോസിലേക്ക് അവസരം ലഭിച്ചത്.


