നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരെ നടി വിന്‍ സി അലോഷ്യസ് ഉന്നയിച്ച പരാതിയെ തുടര്‍ന്ന് ചലച്ചിത്രലോകത്ത് ചൂടുപിടിച്ചിരിക്കുന്ന ചര്‍ച്ചകള്‍ക്കിടയില്‍ നടി രഞ്ജിനിയും പ്രതികരണവുമായി രംഗത്ത്. സിനിമാ മേഖലയിലെ ഇത്തരം പ്രശ്നങ്ങള്‍ പുതിയതല്ലെന്നും, ഭീതിയും അവസര നഷ്ടപ്പെടുമെന്ന ഭയം കൊണ്ടാണ് പലരും മൗനത്തിലാണെന്നും രഞ്ജിനി വ്യക്തമാക്കി. വിന്‍സിയുടെ ധൈര്യത്തെ രഞ്ജിനി അഭിനന്ദിക്കുകയും ചെയ്തു.

'ഇത് ഇപ്പോള്‍ മാത്രം സംഭവിക്കുന്ന ഒരു കാര്യമില്ല, എന്നും മലയാളം സിനിമയില്‍ സംഭവിക്കുന്നതാണിത്. അന്ന് ഞാന്‍ അഭിനയിക്കുന്ന സമയത്ത് ഡ്രഗ്‌സ് വളരെ കുറവായിരുന്നു. പകരം മദ്യം ആയിരുന്നു കൂടുതല്‍. ഞാനത് അനുഭവിച്ച ഒരു വ്യക്തിയുമാണ്. ഇതിനെക്കുറിച്ചുള്ള പ്രശ്‌നങ്ങള്‍ ആരും പുറത്ത് പറയില്ല കാരണം എല്ലാവര്‍ക്കും പേടിയാണ്. തങ്ങളുടെ അവസരങ്ങള്‍ നഷ്ടമാകും എന്ന പേടി കൊണ്ടാണ് പലരും ഇത് സഹിക്കുന്നത്.

ഞാന്‍ ഇന്ന് വിന്‍സിയെ അഭിനന്ദിക്കുന്നു. കാരണം ധൈര്യമായിട്ടവര്‍ ഇതിനെക്കുറിച്ച് സംസാരിച്ചു. പക്ഷെ ഈ സംഘടനകള്‍ ആ നടന്റെ പേര് പുറത്തുവിട്ടതില്‍ വിന്‍സി കുറച്ച് അസ്വസ്ഥയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ആഗസ്റ്റില്‍ വന്നിട്ട് ഇതുവരെ ആയിട്ടും അതുമായി ബന്ധപ്പെട്ടു ഒരു അനക്കവും ഇല്ല. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ഇന്ന് വിന്‍സിയുടെ കേസ് വന്നതുപോലെ എത്ര വിന്‍സിമാര്‍ നേരത്തെ ഉണ്ടായിരിക്കും', രഞ്ജിനി പറഞ്ഞു.

ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനാലാണ് തീരുമാനമെന്നുമുള്ള വിന്‍ സിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. അന്ന് നടന്റെ പേര് വിന്‍ സി വെളിപ്പെടുത്തിയിരുന്നില്ല. പിന്നാലെ ഇപ്പോള്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ വിന്‍ സി ഫിലിം ചേംബറിന് പരാതി നല്‍കുകയായിരുന്നു. 'സൂത്രവാക്യം' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഷൈന്‍ ടോം ചാക്കോയില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിന്‍ സി ഫിലിം ചേംബറിന് പരാതി നല്‍കിയത്. സിനിമയുടെ ആഭ്യന്തര പരാതി കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്.