മുംബൈ: 'ദ കേരള സ്റ്റോറി 2' പ്രൊപ്പഗാണ്ട ചിത്രമാണെന്ന സംവിധായകൻ അനുരാഗ് കശ്യപിന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ കാമാഖ്യാ നാരായൺ സിങ്. അനുരാഗ് കശ്യപിന് മാനസിക പ്രശ്നമാണെന്നും അദ്ദേഹം മാനസികമായി ദുർബലനായിക്കഴിഞ്ഞെന്നും കാമാഖ്യ ആരോപിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിനിമയിൽ കാണിക്കുന്നത് പോലെ പെൺകുട്ടികളെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതും മതം മാറ്റുന്നതും സമൂഹത്തിൽ നടക്കുന്ന കാര്യമാണെന്നും അത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. "അനുരാഗ് കശ്യപ് ജി പറയുന്നത് ആരും കിച്ഡി പോലും അങ്ങനെ കഴിപ്പിക്കില്ലെന്നാണ്. ലഡ്ഡു പോലും അങ്ങനെ കഴിപ്പിക്കാനാകില്ലെന്ന് എനിക്കറിയാം. എന്നാൽ നിർഭാഗ്യവശാൽ നമ്മുടെ സമൂഹത്തിൽ നിഷ്കളങ്കരായ പെൺമക്കളെ ബീഫ് കഴിപ്പിക്കുകയും മതം മാറ്റാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ട്. അതൊരു കുറ്റകൃത്യമാണ്"- കാമാഖ്യ വ്യക്തമാക്കി.

അനുരാഗ് കശ്യപിന് എല്ലാത്തിനോടും പ്രശ്നമാണെന്നും കാമാഖ്യ പരിഹസിച്ചു. ബ്രാഹ്മണരോടും നെറ്റ്ഫ്ലിക്സിനോടും ബോളിവുഡ് അദ്ദേഹത്തിന് എതിർപ്പാണ്. 'ഗേൾ ഇൻ യെല്ലോ ബൂട്ട്‌സ്' എന്ന ചിത്രത്തിലൂടെ അച്ഛനും മകളും തമ്മിലുള്ള അധാർമ്മിക ബന്ധത്തെക്കുറിച്ച് സിനിമ പിടിച്ചയാളാണ് അദ്ദേഹം. പരിഷ്കൃത സമൂഹത്തിന് ചിന്തിക്കാൻ പോലുമാകാത്ത കാര്യമാണത്. ബോക്സ് ഓഫീസിൽ തുടർച്ചയായി പരാജയങ്ങൾ നേരിടുന്നത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയെ ബാധിച്ചിട്ടുണ്ടെന്നും കാമാഖ്യ കൂട്ടിച്ചേർത്തു.