- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവൾക്കൊപ്പം, എപ്പോഴും, മുമ്പെന്നത്തേക്കാളും ശക്തിയോടെ ഇപ്പോൾ'; ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കു പിന്നാലെ അതിജീവിതയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയ വിധിക്ക് പിന്നാലെ, അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടി റിമ കല്ലിങ്കൽ. കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെയുള്ള ഗൂഢാലോചനാക്കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. അതേസമയം, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി.
വിധിക്ക് പിന്നാലെ, അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടി റിമ കല്ലിങ്കൽ രംഗത്തെത്തി. "അവൾക്കൊപ്പം, എപ്പോഴും, മുമ്പെന്നത്തേക്കാളും ശക്തിയോടെ ഇപ്പോൾ" എന്ന കുറിപ്പോടെ, 'അവൾക്കൊപ്പം' എന്നെഴുതിയ ബാനർ പിടിച്ചുനിൽക്കുന്ന ചിത്രം റിമ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം വർഗീസ് ആണ് കേസിൽ വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠൻ, നാലാം പ്രതി വിപി വിജീഷ്, അഞ്ചാം പ്രതി എച്ച് സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ ഈ മാസം 12-ന് വിധിക്കും.
ദിലീപിനൊപ്പം കേസിലെ ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി സനൽകുമാർ, പത്താം പ്രതി ശരത് ജി നായർ എന്നിവരെയും കോടതി വെറുതെവിട്ടു. വിധിയോടെ തന്റെ നിരപരാധിത്വം തെളിഞ്ഞുവെന്നും, തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്നും ദിലീപ് പ്രതികരിച്ചു. തന്നെ കേസിൽ പ്രതിയാക്കി കരിയർ നശിപ്പിക്കുകയായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യമെന്നും, പോലീസ് കള്ളക്കഥ മെനയുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഈ വിധിയോടെ പോലീസിന്റെ കള്ളക്കഥ പൊളിഞ്ഞുവെന്നും ദിലീപ് കൂട്ടിച്ചേർത്തു.




