കൊച്ചി: സംവിധായകൻ ആഷിക് അബുവിന്റെ ഭാര്യ എന്ന നിലയിൽ മാത്രമാണ് പലരും തന്നെ വിലയിരുത്തുന്നതെന്ന പ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ച് നടി റിമ കല്ലിങ്കൽ. സ്വന്തം പ്രയത്നത്തിലൂടെയും കഴിവിലൂടെയുമാണ് താൻ ഈ നിലയിലെത്തിയതെന്നും, വ്യക്തിപരമായ നേട്ടങ്ങളെ ഭർത്താവിന്റെ പ്രശസ്തിയുമായി ബന്ധിപ്പിക്കുന്നതിലുള്ള വേദന അവർ പങ്കുവെച്ചു. 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്' സംഘടിപ്പിച്ച 'എക്സ്പ്രസ് ഡയലോഗ്സ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു റിമ.

താൻ സെല്‍ഫ് മേഡ് ആണെന്ന കാര്യത്തില്‍ എനിക്ക് അതിയായ അഭിമാനമുണ്ട്. ഇത്തരം വിവരക്കേടുമായി വരരുതെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു. ഭർത്താവിന്റെ തണലിലാണ് താൻ സിനിമയിൽ എത്തിയതെന്ന സോഷ്യൽ മീഡിയയിലെ ഇത്തരം പരാമർശങ്ങൾ ആദ്യം വേദനിപ്പിച്ചിരുന്നതായി റിമ കല്ലിങ്കൽ പറഞ്ഞു. എന്നാൽ ഇപ്പോൾ താൻ ആരാണെന്നും, സിനിമയിലെത്തിയ വഴികൾ എന്തൊക്കെയാണെന്നും തനിക്ക് കൃത്യമായി അറിയാമെന്നും അവർ കൂട്ടിച്ചേർത്തു.

'ഞാൻ ഇവിടെയെത്തിയത് എങ്ങനെയാണെന്ന് എനിക്കറിയാം. തിരുവനന്തപുരത്തെ ഒരു ഏഷ്യാനെറ്റ് സ്റ്റുഡിയോയിലേക്ക് ഒരു സ്യൂട്ട്‌കേസുമായിട്ടാണ് ഞാൻ ആദ്യം വരുന്നത്. അതേ പെട്ടിയുമായിട്ടാണ് ഞാൻ കൊച്ചിയിൽ മിസ് കേരള മത്സരത്തിൽ പങ്കെടുത്തത്. ഒറ്റയ്ക്ക് താമസിച്ച്, ഒറ്റയ്ക്ക് ഓഡിഷനുകൾക്ക് പോയി, ഒറ്റയ്ക്ക് ഷൂട്ടിന് പോയിട്ടാണ് ഞാൻ ഇന്നത്തെ നിലയിലെത്തിയത്,' അവർ വിശദീകരിച്ചു.

2014ലാണ് താൻ ആഷിക് അബുവിനെ കണ്ടുമുട്ടുന്നതെന്നും, എന്നാൽ 2008 മുതൽ താൻ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും റിമ വ്യക്തമാക്കി. ആ സമയത്ത് തനിക്ക് മാനേജർ പോലുമില്ലായിരുന്നെന്നും, സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും താൻ തന്നെയായിരുന്നു സംസാരിച്ചിരുന്നതെന്നും അവർ ഓർത്തെടുത്തു. 'നീലത്താമര' ചിത്രത്തിൽ ശാരദ എന്ന കഥാപാത്രത്തിനായി തന്നെ പരിഗണിച്ചപ്പോൾ പ്രതിഫലത്തെക്കുറിച്ച് സംസാരിച്ച അനുഭവം അവർ പങ്കുവെച്ചു. 'അച്ഛനോട് അവർ പറയുന്ന പ്രതിഫലത്തെക്കുറിച്ച് പറഞ്ഞപ്പോൾ, എം.ടി.യുടെ സിനിമയല്ലേ, സൗജന്യമായിട്ടാണെങ്കിൽ പോലും അഭിനയിക്കൂ എന്നായിരുന്നു അച്ഛന്റെ മറുപടി,' റിമ പറഞ്ഞു.

തന്റെ സിനിമാ ജീവിതത്തിൽ വഴി കാണിച്ചുതരാൻ ആരുമുണ്ടായിരുന്നില്ലെന്നും, എല്ലാം സ്വയം ചെയ്തുകൊണ്ടാണ് താൻ മുന്നോട്ട് വന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഭർത്താവിന്റെ പ്രശസ്തിയുടെ വെളിച്ചത്തിൽ മാത്രം തന്റെ കഴിവുകളെ വിലയിരുത്തുന്നവർക്കുള്ള ശക്തമായ മറുപടിയാണ് റിമയുടെ വാക്കുകൾ.