ബംഗളുരു: കാന്താര രണ്ട് സിനിമ റിലീസിന് ഒരുങ്ങുകയാണ്. ആദ്യഭാഗത്തില്‍ നിന്നും അടിമുടി വ്യത്യസ്തമായാണ് സിനിമ ഒരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണ സമയത്ത് മരണത്തെ താന്‍ മുഖാമുഖം കണ്ടെന്ന് തുറന്നു പറയുകയാണ് സംവിധായകനായ ഋഷബ് ഷെട്ടി.നല്ലപോലെ ഉറങ്ങിയിട്ട് മൂന്നുമാസമായെന്നും ഋഷഭ് വെളിപ്പെടുത്തി.

ബംഗളൂരുവില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.'ഞാന്‍ നല്ലപോലെ ഉറങ്ങിയിട്ട് മൂന്നുമാസമായി. ഈ സമയങ്ങളിലെല്ലാം ഞാന്‍ നിര്‍ത്താതെ ജോലി ചെയ്യുകയാണ്. ഡയറക്ഷന്‍ ടീമും ക്യാമറ ടീമുമെല്ലാം 38 മുതല്‍ 48 മണിക്കൂര്‍ വരെയാണ് തുടര്‍ച്ചയായി ജോലി ചെയ്തത്.

ആരും ഇതിനെ എന്റെ സിനിമയായി മാത്രമല്ല കണ്ടത്. സെറ്റില്‍ ചായ കൊണ്ട് വരുന്ന ആളുകള്‍ പോലും ഇത് അവരുടെ സിനിമയായിട്ടാണ് കണ്ടത്. കാന്താരയുടെ ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷം നാല്, അഞ്ച് തവണ ഞാന്‍ മരണത്തെ മുഖാമുഖം കണ്ടു. പക്ഷേ ദൈവത്തിന്റെ അനുഗ്രഹം എന്നെ രക്ഷിച്ച് ഇന്ന് നിങ്ങളുടെ മുന്നില്‍ കൊണ്ട് നിര്‍ത്തിയിരിക്കുന്നു. ഈ സിനിമ ചെയ്യാന്‍ എന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി'- ഋഷഭ് ഷെട്ടി വ്യക്തമാക്കി.