ചെന്നൈ: തമിഴ് സിനിമയിൽ തമിഴ്‌നാട്ടിലെ അഭിനേതാക്കൾ മതിയെന്ന തീരുമാനത്തിൽ പ്രതികരണവുമായി നടൻ റിയാസ് ഖാൻ രംഗത്ത്. ഇതൊന്നും നടക്കുന്ന കാര്യമല്ല എന്നാണ് നടന്റെ പ്രതികരണം. രജനീകാന്തിന്റെ ജയിലറും വിജയ്‌യുടെ ലിയോയും എന്തുചെയ്യുമെന്നും അതിലെല്ലാം അന്യ ഭാഷാ നടന്മാരില്ലേ എന്നുമാണ് റിയാസ് ചോദിക്കുന്നത്. ഞങ്ങൾ ഇന്ത്യൻ സിനിമാ അഭിനേതാക്കൾ ആണ്. അങ്ങനെ നിരോധനം വന്നാൽ, ഞാൻ എല്ലാ പടത്തിലും കയറി അഭിനയിക്കുമെന്നും താരം വ്യക്തമാക്കി.

ഞാൻ മലയാളി ആണ്. പഠിച്ചതും വളർന്നതും തമിഴ്‌നാട്ടിൽ ആണ്. കല്യാണം കഴിച്ച പെണ്ണ് തമിഴ് ആണ്. ഞാൻ മുസ്ലിം ആണ് വൈഫ് ഹിന്ദു ആണ്.  ഇപ്പോൾ ഞങ്ങൾ എന്ത് ചെയ്യണം. ഞാൻ ഭാര്യയെ വിട്ട് ഇവിടെ വന്ന് നിൽക്കണോ വൈഫ് തമിഴ്‌നാട്ടിൽ നിന്നാൽ മതിയോ. അതൊന്നും നടക്കുന്ന കാര്യം അല്ല. അങ്ങനെ എങ്കിൽ രജനികാന്ത് അഭിനയിക്കുന്ന ജയിലർ എന്ത് ചെയ്യും.

അതിൽ മോഹൻലാൽ സാർ ഉണ്ട്. വേറെ കൊറേ അഭിനേതാക്കൾ ഉണ്ട്. ലിയോ എന്ത് ചെയ്യും സഞ്ജയ് ദത്ത് ഇല്ലേ അതിൽ. ഞങ്ങൾ വലിയൊരു ഫിലിം മേഖലയുടെ ഭാഗമാണ്. വലിയൊരു ഫാമിലി ആണത്. ഞങ്ങൾ ഇന്ത്യൻ സിനിമാ അഭിനേതാക്കൾ ആണ്. അങ്ങനെ നിരോധനം വന്നാൽ, ഞാൻ എല്ലാ പടത്തിലും കയറി അഭിനയിക്കും. പുതിയ ചിത്രമായ ഷീലയുടെ പ്രമോഷൻ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു റിയാസ് ഖാൻ.

സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടേതാണ് പുതിയ തീരുമാനം. തമിഴ് സിനിമയിൽ അന്യഭാഷാ താരങ്ങൾ വേണ്ടെന്നും ചിത്രീകരണം തമിഴ്‌നാട്ടിൽ മാത്രം മതിയെന്നുമെല്ലാമാണ് ഇവരുടെ നിർദ്ദേശങ്ങൾ. സംവിധായകൻ വിനയനും തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. തമിഴ് സിനിമകൾ കേരളത്തിൽ റിലീസ് ചെയ്യില്ല എന്നു തീരുമാനിച്ചാൽ തമിഴ് ഇന്റസ്ട്രിക്ക് കുറഞ്ഞത് വർഷം 150 കോടിയുടെ നഷ്ടമെങ്കിലുമുണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞത്.