കൊച്ചി: 'മാര്‍ക്കോ' കണ്ടിറങ്ങിയവര്‍ക്ക് ഒരേയൊരു സംശയം മാത്രമാണുണ്ടായിരുന്നത്. നടന്‍ റിയാസ് ഖാന്‍ ചിത്രത്തില്‍ ഉണ്ടായിരുന്നോ ഇല്ലയോ? ന്നാണ് നേരത്തെ റിയാസ് ഖാന്‍ ചിത്രത്തില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ മാര്‍ക്കോയുടെ ആദ്യ പ്രദര്‍ശനം കാണാനെത്തിയ സിനിമയുടെ നിര്‍മാതാവ് ഷെരീഫ് മുഹമ്മദിനോടും റിയാസ് ഖാന്റെ സാന്നിധ്യത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു. അദ്ദേഹം നല്‍കിയ മറുപടിയാണ് പ്രേക്ഷകരുടെ ഇടയില്‍ വൈറല്‍.

'സിനിമയുടെ ലൊക്കേഷന്‍ വിഡിയോകളില്‍ കണ്ട പല നടന്മാരും ചിത്രത്തില്‍ ഇല്ലല്ലോ എന്നായിരുന്നു ചോദ്യം. എന്നാല്‍ അവരില്‍ പലരും പൂജ ചടങ്ങില്‍ അതിഥികളായി എത്തിയതാണെന്നായിരുന്നു നിര്‍മ്മാതാവിന്റെ മറുപടി. അതേസമയം റിയാസ് ഖാന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ചിത്രം ഒടിടി റിലീസിന് എത്തുമ്പോള്‍ അതില്‍ ഉണ്ടാവുമെന്നും ഷെരീഫ് മുഹമ്മദ് പറയുന്നു. ''റിയാസ് ഖാന്‍ ഒടിടിയില്‍ ഉണ്ടാവും. അത്രയേ പറയാനുള്ളൂ. കുറച്ച് സീനുകള്‍ (സെന്‍സറിങില്‍) പോയിട്ടുണ്ട്. അത് ഒടിടിയില്‍ ഉണ്ടാവും. സെന്‍സര്‍ ബോര്‍ഡ് അവരുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പരമാവധി ചെയ്ത് തന്നിട്ടുണ്ട്'-ഷെരീഫ് മുഹമ്മദിന്റെ വാക്കുകള്‍.

ഇന്ത്യന്‍ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലന്‍സ് രംഗങ്ങളുമായി ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ' തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ടോണി ഐസക് എന്ന ക്രൂരനായ വില്ലനായി ജഗദീഷ് എത്തുന്നുണ്ട്.രണ്ട് മണിക്കൂര്‍ 25 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്.

ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വന്‍സുകളാണ് കലൈ കിങ്ങ്സ്റ്റണ്‍ ഒരുക്കിയിരിക്കുന്നത്.സംഗീതമൊരുക്കിയിരിക്കുന്നത് 'കെജിഎഫ്', 'സലാര്‍' എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ആണ്.