- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അങ്ങേയറ്റം അറപ്പുളവാക്കുന്ന റേപ്പ് കൾച്ചറിൻ്റെ ഏറ്റവും വൃത്തികെട്ട രൂപം'; രണ്ട് പെൺമക്കളുടെ പിതാവായിട്ടും അതിജീവിതയെ അപമാനിക്കുന്നു; അഖില്‍ മാരാര്‍ക്കെതിരെ വിമര്‍ശനവുമായി റിയാസ് സലിം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ അപമാനിക്കുന്ന തരത്തിൽ സംവിധായകൻ അഖിൽ മാരാർ എഴുതിയ കുറിപ്പിനെതിരെ ബിഗ് ബോസ് താരമായിരുന്ന റിയാസ് സലീം. അതിജീവിതയുടെ വാദങ്ങൾക്കെതിരെ ചോദ്യങ്ങൾ ഉന്നയിച്ച അഖിൽ മാരാരിൻ്റേത് 'മനുഷ്യരൂപത്തിലുള്ള റേപ്പ് കൾച്ചറിൻ്റെ ഏറ്റവും വൃത്തികെട്ട രൂപം' ആണെന്ന് റിയാസ് സലീം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വിമർശിച്ചു. ദിലീപിനെ അനുകൂലിച്ച് ഒന്നിലധികം പോസ്റ്റുകളാണ് അഖില്‍ സമൂഹമധ്യമങ്ങളിലൂടെ പങ്കുവച്ചത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരിച്ച് അഖില്‍ മാരാര്‍ രംഗത്തെത്തിയത്. പോലീസുദ്യോഗസ്ഥൻമാരിൽ നിന്നും മനസാക്ഷിയുള്ള മാധ്യമപ്രവർത്തകരിൽ നിന്നും അറിഞ്ഞ സത്യങ്ങൾ എന്ന് പറഞ്ഞായിരുന്നു അഖിലിന്‍റെ പോസ്റ്റ്. അഖിൽ മാരാർ, അതിജീവിത കള്ളം പറയുകയാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ട് ഉന്നയിച്ച ചോദ്യങ്ങൾ റിയാസ് സലീം തൻ്റെ പോസ്റ്റിൽ എടുത്തുപറയുന്നുണ്ട്.
അഖിൽ മാരാരുടെ ചോദ്യങ്ങൾ ഇവയാണെന്ന് റിയാസ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു:
"ഒരു കാറിൻ്റെ പിൻസീറ്റിൽ വെച്ച് നടക്കുന്ന ബലാത്സംഗത്തിൻ്റെ ഡെമോ ചെയ്ത് നോക്കുക; ആ സ്ഥലപരിമിതിക്കുള്ളിൽ എങ്ങനെയുള്ള അതിക്രമമാണ് സാധ്യമാകുക എന്ന് കണ്ടെത്തുക."
"ഒരു 2017 മോബൈൽ ഫോണിന്റെ വെളിച്ചക്കുറവിൽ ലൈംഗികാതിക്രമം റെക്കോർഡ് ചെയ്യാൻ എങ്ങനെ സാധിക്കുമെന്ന് പരിശോധിക്കണം."
"അതിജീവിത പ്രതിരോധിക്കുകയോ ഡ്രൈവറെ ആക്രമിക്കുകയോ ചെയ്തിരുന്നെങ്കിൽ, കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടേണ്ടതായിരുന്നു. എന്നാൽ അത് സംഭവിച്ചില്ലല്ലോ!"
ഇത്തരം വിഷയങ്ങൾ പറഞ്ഞ് അതിജീവിതയുടെ മൊഴിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ഈ പ്രവണത അങ്ങേയറ്റം നിന്ദ്യകരമാണ് എന്ന് റിയാസ് സലീം തൻ്റെ പോസ്റ്റിൽ പറയുന്നു. രണ്ട് പെൺമക്കളുടെ പിതാവായിട്ടും മാരാർ ഇത്തരത്തിൽ അതിജീവിതയെ അപമാനിക്കുന്ന നിലപാട് സ്വീകരിച്ചത് ഞെട്ടലുണ്ടാക്കുന്നു എന്നും റിയാസ് വിമർശിച്ചു.
ആരും പറയാതെയാണ് പൾസർ സുനി ഇത് ചെയ്തതെന്ന് വാദിച്ച അഖില്‍ പീഡിപ്പിക്കാൻ ആരെങ്കിലും പറയണം എന്ന നിർബന്ധം മലയാളികൾക്ക് എന്ന് തൊട്ടാണ് വന്നതെന്നാണ് കുറിപ്പില്‍ ചോദിച്ചത്. ഇത്രയും വിവരം കെട്ട ഒരു പ്ലാനിങ് ഒന്നര കോടി കൊടുത്തു ദിലീപ് ചെയ്യുമോ എന്നും ബുദ്ധിയുള്ള ദിലീപിന് ഇതേ കാര്യം റിസ്ക് ഇല്ലാതെ നടപ്പിലാക്കാൻ ശ്രമിച്ചാൽ പോരെ എന്നും ഫേസ്ബുക്കില്‍ പങ്കുവച്ച ദീര്‍ഘമായ കുറിപ്പില്‍ അഖില്‍ ചോദിച്ചിരുന്നു.




