- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പരം സുന്ദരി മലയാളം പാളിപ്പോയി.. പക്ഷെ നമ്മുടെ സിനിമകളൊക്കെ വേറെ ലെവല് ആയിട്ടാണ് കാണുന്നത്'; മലയാളികളോടും വളരെ ബഹുമാനമാണ്'; ജാൻവി കപൂറിനെ കുറിച്ച് റോഷൻ മാത്യു പറഞ്ഞതിങ്ങനെ
കൊച്ചി: ബോളിവുഡ് നടി ജാൻവി കപൂറിന് മലയാള സിനിമയോടും കേരളത്തോടും വലിയ ബഹുമാനമാണെന്ന് നടൻ റോഷൻ മാത്യു. 'ഉലജ്' എന്ന ബോളിവുഡ് ചിത്രത്തിൽ ജാൻവിക്കൊപ്പം പ്രവർത്തിച്ചപ്പോഴാണ് തനിക്ക് ഇത് നേരിട്ടറിഞ്ഞതെന്നും റോഷൻ മാത്യു ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 'പരം സുന്ദരി' എന്ന ചിത്രത്തിൽ മലയാളികളെക്കുറിച്ചുള്ള അവതരണത്തെയും ഭാഷാപ്രയോഗത്തെയും വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.
ഈ സാഹചര്യത്തിലാണ് റോഷൻ മാത്യുവിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്. ജാൻവി കപൂർ കഠിനാധ്വാനം ചെയ്യുന്ന, ആത്മാർത്ഥമായി മെച്ചപ്പെടാൻ ആഗ്രഹിക്കുന്ന ഒരു നടിയാണെന്ന് റോഷൻ പറഞ്ഞു. മലയാള സിനിമയെ അവർ വേറെ ലെവലായി ആണ് കാണുന്നത്. നമ്മുടെ സിനിമകളും അതുപോലെ ഇവിടെ നിന്നുള്ള അഭിനേതാക്കളും ചെയ്യുന്ന ജോലികൾ അവർ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. 'പരം സുന്ദരി'യിൽ മലയാളം അവതരിപ്പിച്ചത് പാളിപ്പോയെങ്കിലും, മൊത്തത്തിൽ മലയാള സിനിമാ രംഗത്തോടും അവിടുത്തെ ആളുകളോടും അവർക്ക് ബഹുമാനമുണ്ടെന്നും റോഷൻ കൂട്ടിച്ചേർത്തു.
'പരം സുന്ദരി' കണ്ടിട്ട് ജാൻവി തനിക്ക് മെസേജ് അയച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു റോഷന്റെ മറുപടി. എന്നാൽ ചിത്രീകരണ സമയത്ത്, മലയാളം സംഭാഷണങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള ഡയലോഗ് കോച്ചിനെക്കുറിച്ച് ജാൻവി സൂചിപ്പിച്ചതായി അദ്ദേഹം ഓർത്തു. തിരക്കഥയിലെ പ്രശ്നങ്ങളും അവസാന നിമിഷം സിനിമയിലേക്ക് വരുന്ന നടീനടന്മാർക്ക് മാത്രം പരിഹരിക്കാൻ സാധിക്കാത്തതാണെന്നും റോഷൻ ചൂണ്ടിക്കാട്ടി. മലയാളം അറിയാത്തവർക്ക്, അതിൻ്റെ ശബ്ദം പോലും കേട്ടിട്ടില്ലാത്തവർക്ക് അതിലെ സംഭാഷണങ്ങൾ എത്രത്തോളം മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം ചോദ്യം ചെയ്തു.




