ഹൈദരാബാദ്: ഇതരഭാഷകളിൽ മലയാള സിനിമയുടെ നല്ല സമയാണ് ഇപ്പോൾ. മഞ്ഞുമ്മൽ ബോയ്സ് സൂപ്പർഹിറ്റായി ഓടുമ്പോൾ തന്നെ പ്രേമലു സിനിമയും ഹിറ്റായി ഓടുകയാണ്. തെലുങ്കിൽ അടക്കം പ്രേമുലു വിജയമായി എന്നാണ് ചിത്രത്തിന്റെ അണിയറക്കാർ അവകാശപ്പെടുന്നത്. ഇപ്പോഴികാ പ്രേമലുവിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കയാണ സാക്ഷാൽ രാജമൗലി.

മികച്ച അഭിനേതാക്കളെ കണ്ടെത്തുന്നതിൽ മലയാള സിനിമയോട് ഒരൽപം അസൂയയും വേദനയുമുണ്ടെന്ന് തമാശരൂപേണ പറഞ്ഞു. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു തെലുങ്ക് പതിപ്പിന്റെ വിജയാഘോഷ പരിപാടിയിലാണ് മലയാള സിനിമയെക്കുറിച്ച് വാചാലനായത്. ഒപ്പം പ്രേമലുവിലെ താരങ്ങളെ പേരെടുത്ത് അഭിനന്ദിക്കുകയും ചെയ്തു.

'ആക്ഷൻ ചിത്രങ്ങളോടാണ് എനിക്ക് കൂടുതൽ താൽപര്യം. റൊമാന്റിക് കോമഡി സിനിമകളോ മറ്റു ജോണറുകളോ എന്നെ അധികം ആകർഷിക്കാറില്ല. അതിനാൽ പ്രേമലുവിന്റെ തെലുങ്ക് പതിപ്പിനെക്കുറിച്ച് മകൻ കാർത്തികേയ ആദ്യം പറഞ്ഞപ്പോൾ എനിക്ക് താൽപര്യം തോന്നിയില്ല. പിന്നീട് ചിത്രം കണ്ടപ്പോൾ അത് മാറി. ആദ്യം മുതൽ അവസാനം വരെ ഒരുപോലെ ചിരിച്ചു. ഈ അടുത്ത കാലത്തൊന്നും ഇതുപോലെ ഒരു സിനിമ കണ്ടു പൊട്ടിചിരിച്ചതായി ഓർമയില്ല. അതിനു ആദ്യം ക്രെഡിറ്റ് നൽകേണ്ടത് എഴുത്തുകാരനാണ്. അദ്ദേഹം ഈ സിനിമയിൽ ഉപയോഗിച്ച ഓരോ വാചകങ്ങളും ഓരോ കോമഡിയും ഓരോ മീമും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നതാണ്'- രാജമൗലി പറഞ്ഞു.

'പ്രേമലുവിലെ അഭിനേതാക്കളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. കഥാപാത്രങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ച സംവിധായകന് അഭിനന്ദനങ്ങൾ. മമിത ബൈജു ഗീതാഞ്ജലിയിലെ ഗിരിജയേയും സായ് പല്ലവിയിയേയുംപ്പോലെ ആരാധകരുടെ പ്രിയപ്പെട്ട നായികയായി മാറും. ട്രെയിലർ കണ്ടപ്പോൾ തന്നെ എനിക്ക് മമിതയെ ഒരുപാട് ഇഷ്ടമായി. നല്ല എനർജി ഉള്ള നടിയാണ്. അതുപോലെ സച്ചിനായി എത്തിയ നസ്ലിൻ, ട്രെയിലർ കണ്ടപ്പോൾ ഒരു സാധാരണ പയ്യൻ എന്നാണ് സച്ചിൻ ആയി അഭിനയിച്ച പയ്യനെപ്പറ്റി തോന്നിയത്.

പക്ഷേ സിനിമ കണ്ടപ്പോൾ നസ്ലിനെ ഒരുപാട് ഇഷ്ടപ്പെട്ടു. ആദിയെയാണ് എനിക്ക് ഈ സിനിമയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്.സോഫ്റ്റ്‌വയർ മേഖലയിൽ ജോലി ചെയ്യുന്ന ഇന്നത്തെ ചെറുപ്പക്കാരുടെ മാനറിസം ശ്യാം വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ അമലായി എത്തിയ സംഗീത്, കാർത്തികയായ അഖിലയും മികച്ച പ്രകടനം കാഴ്ചവെച്ചു.

തെലുങ്ക് പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള മലയാള സിനിമയിലെ മുൻഗാമികളുടെ പേര് നിലനിർത്താൻ ഇവർക്ക് ടീമിന് കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമ മികച്ച അഭിനേതാക്കളെയാണ് സൃഷ്ടിക്കുന്നത്. ഇത് ചെറിയ അസൂയയോടെയും വേദനയോടെയും സമ്മതിക്കുന്നു' സംവിധായകൻ തമാശരൂപേണ പറഞ്ഞു.

ഹൈദരാബാദ് പശ്ചാത്തലമാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത 'പ്രേമലു' വിന്റെ തെലുങ്ക് പതിപ്പ് മാർച്ച് എട്ടിനാണ് തിയറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രേമലുവിനെ പ്രശംസിച്ച് തെലുങ്ക് താരം മഹോഷ് ബാബു എത്തിയിരുന്നു. തെലുങ്കിലും മലയാളത്തിലുമായി ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.