- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിശ്ശബ്ദതയും ഒരു കുറ്റകൃത്യം.. ഇന്നു ഞാന്‍ നാളെ നീ'; സിനിമ പ്രവര്‍ത്തകരുടെ മൗനത്തെ രൂക്ഷമായി വിമര്‍ശിച്ച് സാബുമോന്‍
കൊച്ചി: നടി ശ്വേതാ മേനോനെതിരേ കേസെടുത്ത പോലീസ് നടപടിയില്‍ സിനിമ പ്രവര്‍ത്തകര്‍ പാലിക്കുന്ന മൗനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടനും അവതാരകനുമായി സാബുമോന്‍. സിനിമാ കൂട്ടായ്മ കുറ്റകരമായ നിശബ്ദത എന്തിനാണെന്നും സാബുമോൻ ചോദിക്കുന്നു. ഒരു മനുഷ്യനും ഇതിനെതിരേ സംസാരിച്ച് കാണുന്നില്ലെന്നും ഭീകരമായ ഒരു അവസ്ഥയിലൂടെ ആയിരിക്കും ശ്വേതാ മേനോന്‍ കടന്നുപോകുന്നതെന്നും അത് മനസിലാക്കാന്‍ അല്‍പ്പം മാനുഷിക പരിഗണനയുണ്ടായാല്‍ മതിയെന്നും സാബുമോന്‍ കുറ്റപ്പെടുത്തി.
സാബുമോന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
ഇന്നു ഞാൻ നാളെ നീ...
ഇന്ന് ഒരു വാർത്ത ശ്രദ്ധയിൽ പെട്ടു, ശ്വേത മേനോന്റെ പേരിൽ ഒരു എഫ്ഐആർ ഫയൽ ചെയ്യപ്പെട്ടിരിക്കുന്നു. അതീവ ഗുരുതരമായ വകുപ്പുകൾ ആണു ചുമത്തിയിട്ടുള്ളത്. കോടതി ഉത്തരവ് പ്രകാരമാണ് ഈ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ ഒരു സ്വകാര്യ വ്യക്തി സമർപ്പിച്ച പെറ്റീഷന്റെ പിന്നാലെയാണ് ഈ ഉത്തരവ്.
കോടതിയിൽ കൊടുത്ത പെറ്റീഷൻ ഞാൻ വായിച്ചു. പിഞ്ചു കുഞ്ഞുങ്ങൾ അടക്കം ഉള്ള സെക്സ് വീഡിയോസ് ഉണ്ടാക്കി വിറ്റു പണം സമ്പാദിക്കുന്ന ആളാണ് ഈ നടി എന്നാണു ഈ പെറ്റിഷനിൽ പറയുന്നത്. പരാതി കൊടുത്ത ആളിന്റെ മുഴുവൻ ചരിത്രവും ഞാൻ പരിശോധിച്ചു. ഇതു ഒരു വ്യാജ ആരോപണം ആണെന്നത് പകൽ പോലെ വ്യക്തം.
എന്റെ വിഷയം ഇതൊന്നുമല്ല മലയാള സിനിമ കൂട്ടായ്മയുടെ കുറ്റകരമായ നിശബ്ദത ആണു! ഈ കൂട്ടായ്മയിലെ ഒരു മനുഷ്യനും ഇതിനു എതിരെ ഈ നിമിഷം വരെ സംസാരിച്ചു കണ്ടില്ല. ഭീകരമായ ഒരു അവസ്ഥയിലൂടെ ആയിരിക്കും സഹപ്രവർത്തക കടന്നുപോകുന്നത് എന്ന് മനസിലാക്കാൻ അൽപ്പം മാനുഷിക പരിഗണയുണ്ടായാൽ മതി. സോഷ്യൽ മീഡിയകളിൽ ഉള്ള സാധാരണ മനുഷ്യർ പോലും അവർക്കായി സംസാരിക്കുമ്പോൾ സിനിമാകൂട്ടായ്മയിലെ ആരുടേയും ഒരു വരി പോലും എങ്ങും കണ്ടില്ല.
അധികാരത്തിനും രാഷ്ട്രീയത്തിനും വ്യക്തിവിദ്വേഷത്തിനും അപ്പുറം സിനിമ പ്രവർത്തകരും സാധാരണ മനുഷ്യർ ആണു. പരസ്പര ബഹുമാനം, സഹാനുഭൂതി, കരുണ, പരസ്പര സ്നേഹം, നന്മ ഇതൊക്കെ ഒരു തരി എങ്കിലും അവശേഷിക്കുന്നവർ ബാക്കി ഉണ്ടെങ്കിൽ, ഈ പരാതി കൊടുത്ത കൃമികീടങ്ങളെ പോലെ ഉള്ളവരുടെ ആക്രമണങ്ങളിൽ നിന്നും നാം നമ്മുടെ കൂടെയുള്ളവരെ ചേർത്തുപിടിക്കണം. കാരണം നമുക്ക് നമ്മളെ ഉള്ളൂ
നിശബദ്ധതയും ഒരു കുറ്റകൃത്യം തന്നെ ആണ്. ഇന്നു ഞാൻ നാളെ നീ...